കണ്ണൂർ: പിണറായി വിജയൻ ദൈവത്തിന്റെ വരദാനമാണെന്ന മന്ത്രി വിഎൻ വാസവന്റെ പരാമർശത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വാസവന്റെ പ്രസ്താവന അദ്ദേഹത്തോട് തന്നെ ചോദിക്കണം. വ്യക്തിപൂജ പാർട്ടിക്കില്ല. അതാണ് പാർട്ടിയുടെ നിലപാടെന്നും എംവി ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു.
നെഹ്‌റു ഒരിക്കൽ അമ്പലം പണിയാൻ പോകുന്നു എന്ന് പറഞ്ഞു. എല്ലാവരും അത്ഭുതപ്പെട്ടു. എന്നാൽ നെഹ്‌റു ഉദേശിച്ചത് പൊതുമേഖല സ്ഥാപനങ്ങൾ ആയിരുന്നു. അതുപോലെയാകാം ഇതുമെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. പേടിച്ചുപോയെന്ന സതീശന്റെ പരിഹാസം ജനാധിപത്യ വിരുദ്ധ പ്രസ്താവനയാണ്. പൊലീസിനെയും സംവിധാനത്തെയും കാര്യമാക്കുന്നില്ല എന്ന പ്രസ്താവനയാണത്. യൂത്ത് കോൺഗ്രസിന്റേത് കടന്നാക്രമണമാണ്. ഡിവൈഎഫ്ഐ ഒരു രക്ഷാപ്രവർത്തനവും നടത്തുന്നില്ല. പരാതി പരിഹാരത്തിന് സമയമെടുക്കും.സമയം വേണമെങ്കിൽ ആലോചിച്ചു നീട്ടാമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
അതേസമയം, പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി വിഎൻ വാസവൻ രംഗത്തെത്തി. ക്രിസോസ്റ്റം തിരുമേനിയെ ഉദ്ധരിച്ചു പറഞ്ഞതാണ്. അദ്ദേഹം പറഞ്ഞുവെന്നു ഡോക്ടർമാർ പറയുന്ന വാർത്ത പത്രങ്ങളിൽ മുൻപ് വന്നതാണ്. സാംസ്‌കാരിക കേരളം പിണറായി വിജയനെ അങ്ങനെ ഓർമിക്കുന്നുവെന്നു ചൂണ്ടികാണിച്ചതാണെന്നും വിഎൻ വാസവൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പിണറായിയെ പുകഴ്ത്തി വിഎൻ വാസവൻ ഇങ്ങനെ പറഞ്ഞത്. ഇതിനെതിരെ വിമർശനം ഉയർന്നതിന് പിന്നാലെയാണ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.