Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'കെസിബിസി വാര്‍ത്താ കുറിപ്പിന്റെ 'ഗുട്ടന്‍സ്' മനസിലാകുന്നില്ല. ളോഹയിട്ട് ആരെങ്കിലും ''തോന്നിവാസം' പറഞ്ഞാല്‍ മറുപടി പറയും' കെ...

‘കെസിബിസി വാര്‍ത്താ കുറിപ്പിന്റെ ‘ഗുട്ടന്‍സ്’ മനസിലാകുന്നില്ല. ളോഹയിട്ട് ആരെങ്കിലും ”തോന്നിവാസം’ പറഞ്ഞാല്‍ മറുപടി പറയും’ കെ ടി ജലീൽ

മലപ്പുറം: ബിജെപിക്കെതിരെ താനെഴുതിയ ഫേസ്ബുക്ക് പോസ്റ്റ് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന കെസിബിസി പ്രതികരണത്തിനെതിരെ വിമര്‍ശനവുമായി കെടി ജലീല്‍. തന്റെ കുറിപ്പില്‍ ക്രൈസ്തവ പുരോഹിതന്‍മാരെയോ ക്രൈസ്തവ ദര്‍ശനങ്ങളെയോ മോശമാക്കുകയോ ഇകഴ്ത്തുകയോ ചെയ്തിട്ടില്ല. മുസ്ലീം-ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരെ വംശഹത്യക്ക് നേതൃത്വം നല്‍കിയവര്‍ കാപട്യത്തിന്റെ മുഖമൂടിയണിഞ്ഞ് ‘സ്‌നേഹക്കേയ്ക്കുമായി’ അരമനകളും വീടുകളും കയറിയിറങ്ങി നടക്കുന്നതിനെയാണ് താന്‍ വിമര്‍ശിച്ചതെന്ന് ജലീല്‍ പറഞ്ഞു. 

കെടി ജലീലിന്റെ കുറിപ്പ്: കെ.സി.ബി.സി യോട് സവിനയം. ബി.ജെ.പിയുടെ ന്യൂനപക്ഷ പ്രേമത്തിന്റെ പൊള്ളത്തരം ചൂണ്ടിക്കാണിച്ച് ഞാന്‍ എഴുതിയ ഫേസ് ബുക്ക് കുറിപ്പ് സാംസ്‌കാരിക കേരളത്തിന് അപമാനമെന്ന് പറഞ്ഞ് കെ.സി.ബി.സി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിന്റെ ‘ഗുട്ടന്‍സ്’ എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. മുസ്ലിം-ക്രൈസ്തവ ജനവിഭാഗങ്ങള്‍ക്കെതിരെ ഗുജറാത്തിലും ഡല്‍ഹിയിലും മണിപ്പൂരിലും വംശഹത്യക്ക് നേതൃത്വം നല്‍കിയവര്‍ കാപട്യത്തിന്റെ മുഖമൂടിയണിഞ്ഞ് ‘സ്‌നേഹക്കേയ്ക്കുമായി’ അരമനകളും ക്രൈസ്തവ വീടുകളും കയറിയിറങ്ങി നടക്കുന്നതിനെയാണ് ഞാന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചത്. 

തങ്ങളും തിരുമേനിയും സുരേന്ദ്രനും ഒരുമിച്ച് കേയ്ക്ക് മുറിച്ചാല്‍ മായുന്നതല്ല സംഘ്പരിവാറുകാരുടെ കയ്യിലെ ‘രക്തക്കറ’ എന്നും കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ന്യൂനപക്ഷങ്ങളോട് ഹിന്ദുത്വവാദികള്‍ കാട്ടിയ ക്രൂരതക്ക് അവര്‍ മാപ്പ് പറയണമെന്നും മുഖപുസ്തകത്തില്‍ തുറന്നെഴുതി. എന്റെ കുറിപ്പില്‍ എവിടെയും ക്രൈസ്തവ പുരോഹിതന്‍മാരെയോ ക്രൈസ്തവ ദര്‍ശനങ്ങളെയോ മോശമാക്കുകയോ ഇകഴ്ത്തുകയോ ചെയ്തിട്ടില്ല. ചെയ്യുകയുമില്ല. ളോഹയിട്ട് ആരെങ്കിലും ”തോന്നിവാസം’ പറഞ്ഞാല്‍ മറുപടി പറയും. അതില്‍ ഒരു ദാക്ഷിണ്യവും പ്രതീക്ഷിക്കേണ്ട.

.കെസി.ബി.സിയുടെ പത്രക്കുറിപ്പ് ഏത് യജമാനന്‍മാരെ പ്രീതിപ്പെടുത്താനാണ്? ബി.ജെ.പിയെ രാഷ്ട്രീയമായി എതിര്‍ക്കുന്നത് അപമാനമായി ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ തല്‍ക്കാലം ക്ഷമിക്കുകയല്ലാതെ നിവൃത്തിയില്ല. ഒരുഭാഗത്ത് മുസ്ലിം-ക്രൈസ്തവ വംശഹത്യക്ക് നേതൃത്വം നല്‍കുകയും അവരുടെ ആരാധനാലയങ്ങള്‍ തകര്‍ക്കുകയും മറുഭാഗത് ന്യൂനപക്ഷങ്ങളുടെ ചങ്ങാതി ചമയുകയും ചെയ്യുന്ന വര്‍ഗീയ ശക്തികളുടെ ‘തനിനിറം’ അവസാനശ്വാസം വരെയും തുറന്നുകാട്ടും. അതില്‍ ആര് കര്‍വിച്ചിട്ടും കാര്യമില്ല. ഹൈന്ദവ സമുദായവുമായുള്ള ബന്ധവും സ്‌നേഹവും ബി.ജെ.പിക്കാരോടും ആര്‍.എസ്.എസ്സുകാരോടുമുള്ള ചങ്ങാത്തമല്ലെന്ന് ഇനിയെങ്കിലും ന്യൂനപക്ഷ സമുദായങ്ങള്‍ തിരിച്ചറിയണം. മുസ്ലിം-ക്രൈസ്തവ വിഭാഗങ്ങളോട് ബന്ധം സ്ഥാപിക്കാന്‍ അവരിലെ വര്‍ഗ്ഗീയവാദികളുമായി മറ്റുമതസ്ഥര്‍ സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് നാളിതുവരെ നാമാരെങ്കിലും കണ്ടിട്ടുണ്ടോ? 

മതേതര മനസ്സുള്ള സാത്വികന്‍മാരായ സന്യാസിവര്യന്മാരും വര്‍ഗീയത തൊട്ടുതീണ്ടാത്ത കറകളഞ്ഞ ഹൈന്ദവ വിശ്വാസികളും വിവിധ മതനിരപേക്ഷ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന സഹോദര മതസ്ഥരെ സ്‌നേഹിക്കുന്ന കോടിക്കണക്കണക്കിന് വരുന്ന ഹൈന്ദവ ഭക്തരുമാണ് ഹിന്ദുമത വിശ്വാസത്തിന്റെ യഥാര്‍ത്ഥ നേരവകാശികള്‍. അവരുമായാണ് സഹോദര മതസ്ഥര്‍ ആത്മബന്ധം ഉണ്ടാക്കേണ്ടത്. അല്ലാതെ ഹിന്ദുത്വ മതഭ്രാന്തന്‍മാര്‍ക്ക് പൊതുസ്വീകാര്യത  നേടിക്കൊടുത്തുകൊണ്ടാവരുത് സൗഹൃദസ്ഥാപനം. ഇത് തിരിച്ചറിയാനുള്ള സാമാന്യ വിവേകമാണ് ന്യൂനപക്ഷ സമുദായ നേതാക്കള്‍ക്ക് ഉണ്ടാകേണ്ടത്. ഹൈന്ദവരെ ബി.ജെ.പിക്ക് തീറെഴുതിക്കൊടുക്കുന്ന ഏര്‍പ്പാട് ഇനിയെങ്കിലും കെ.സി.ബി.സിയും ലീഗും നിര്‍ത്തണം. സംഘികള്‍ കുനിയാന്‍ പറയുമ്പോള്‍ നിലത്തിഴയുന്നവരായി ന്യൂനപക്ഷ സമുദായ നേതൃത്വങ്ങള്‍ മാറിയാല്‍ ഗുജറാത്തും ഡല്‍ഹിയും യു.പിയും മണിപ്പൂരം ബാബരി മസ്ജിദും ഇനിയും ആവര്‍ത്തിക്കപ്പെടും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments