ദില്ലി: പുതുവത്സരാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻകീ ബാത്തിലാണ് അദ്ദേഹം ആശംസകളറിയിച്ചത്. ഈ വർഷം രാജ്യം ഏറെ നേട്ടങ്ങൾ സ്വന്തമാക്കിയെന്ന് പറഞ്ഞ പ്രധാനമന്ത്രി ഈ ഊർജം പുതിയ വർഷത്തിലും മുന്നോട്ട് പോകാൻ സഹായിക്കുമെന്നും കൂട്ടിച്ചേർത്തു. കായിക മത്സരങ്ങളിലും, ഓസ്കറിലും ഇന്ത്യ വലിയ നേട്ടങ്ങൾ നേടിയെടുത്തു. പാരീസ് ഒളിംപിക്സിലും രാജ്യം വലിയ നേട്ടങ്ങൾ സ്വന്തമാക്കുമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വികസിത ഭാരതത്തന്റെ ഗുണം യുവാക്കൾക്കാണ് കൂടുതൽ ലഭിക്കുക. പുതു വർഷത്തിൽ യുവാക്കൾ ആരോഗ്യത്തിന് പ്രാധാന്യം നൽകണം, ജീവിത ശൈലി രോഗങ്ങളെ കുറിച്ച് ശ്രദ്ധ വേണമെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു. അക്ഷയ് കുമാർ, വിശ്വനാഥന് ആനന്ദ്, ജഗ്ഗി വാസുദേവ് തുടങ്ങിയവർ മൻ കീ ബാതിൽ ഫിറ്റ്നസ് സന്ദേശം നൽകി. കൂടാതെ മില്ലറ്റ് അടിസ്ഥാനമാക്കിയ സ്റ്റാർട്ടപ്പുകളെ പ്രധാനമന്ത്രി പരിചയപ്പെടുത്തി. ഈ വർഷത്തെ അവസാനത്തെ മൻകീ ബാത് ആണ് ഇന്നത്തേത്. മൻ കീ ബാത്തിന്റെ നൂറ്റിഎട്ടാമത് എഡിഷനാണിത്. രാവിലെ പതിനൊന്ന് മണിക്കാണ് മൻകീ ബാത് ആരംഭിച്ചത്.
2024 ഉം ബിജെപി തന്നെ രാജ്യം ഭരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു .ജനങ്ങൾക്ക് മുന്നിൽ മറ്റൊരു ബദലില്ല .രാജ്യത്ത് ഒരു സാമ്പാർ മുന്നണി സർക്കാരിന്‍റെ ആവശ്യമില്ല . മോദിയുടെ ഗ്യാരന്‍റികൾ വോട്ട് ഉന്നമിട്ടുള്ളതല്ല .രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്കുള്ള ഉറപ്പാണത് .മോദി പിന്നോട്ട് പോകില്ലെന്ന് ജനത്തിനറിയാം.ജനപിന്തുണയാണ് തന്‍റെ വിജയരഹസ്യമെന്നും അദ്ദേഹം വ്യക്തമാക്കി.ഒരു തീരുമാനവും തന്‍റേത് മാത്രമല്ല ,രാജ്യതാൽപര്യം മാത്രമാണ് പരിഗണന.കേരളത്തിൽ തദ്ദേശ സ്ഥാപനങ്ങളിലടക്കം ബിജെപി ശക്തമായ സാന്നിധ്യമാണ് .തെന്നിന്ത്യയിൽ ബിജെപിക്ക് നല്ല വളർച്ചയുണ്ടെന്നും മോദി പറഞ്ഞു.
പുതുമുഖങ്ങളെ മുഖ്യമന്ത്രിമാരാക്കുന്നത് ബിജെപിയിൽ ആദ്യമല്ല.ഒരു ഭരണ പരിചയവുമില്ലാതെയാണ് താൻ ഗുജറാത്ത് മുഖ്യമന്ത്രിയായത്. മറ്റുള്ളതെല്ലാം കുടുംബ പാർട്ടികളായതിനാലാണ് ഇതൊരു പുതിയ ട്രെൻഡായി തോന്നുന്നതെന്നും മോദി പരിഹസിച്ചു