Friday, October 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'പിണറായിയെ കണ്ണിലെ കൃഷ്ണമണിപോലെ മോദി സംരക്ഷിക്കുന്നു, തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ പരിപ്പ് വേവില്ല': കെ സുധാകരൻ

‘പിണറായിയെ കണ്ണിലെ കൃഷ്ണമണിപോലെ മോദി സംരക്ഷിക്കുന്നു, തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ പരിപ്പ് വേവില്ല’: കെ സുധാകരൻ

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് പറയുന്ന പ്രധാനമന്ത്രി, കൊള്ളക്കാരനെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി പറഞ്ഞു. സ്വര്‍ണക്കള്ളക്കടത്ത് കേസ് ഉണ്ടായപ്പോള്‍ കേന്ദ്രത്തിന്‍റെ അഞ്ച് അന്വേഷണ ഏജന്‍സികളാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഇരമ്പിക്കയറിയത്. എന്നാല്‍, 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് എത്തിയപ്പോള്‍ ഏജന്‍സികളെല്ലാം വന്നതിലും സ്പീഡില്‍ തിരിച്ചുപോയെന്നു മാത്രമല്ല, ബിജെപി വോട്ടുമറിച്ച് പിണറായി വിജയനെ രണ്ടാമതും മുഖ്യമന്ത്രിയാക്കുകയും ചെയ്തു. 

സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, കുഴല്‍പ്പണം, വിദേശനാണ്യ വിനിമയചട്ട ലംഘനം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് മുഖ്യമന്ത്രിക്കെതിരെ ഒരു ഘട്ടത്തില്‍ ഉയര്‍ന്നത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ബലിയാടാക്കി ജയിലിലടയ്ക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ അറിവോടും സമ്മതത്തോടും കൂടിയാണ് കേരളത്തെ കൊള്ളയടിച്ചതെന്ന് കേസിലെ പ്രധാനപ്പെട്ട പ്രതി ചൂണ്ടിക്കാട്ടി. ഇപ്പോള്‍ അവരെ വേട്ടയാടുന്ന തിരക്കിലാണ് ഭരണകൂടമെന്നും സുധാകരന്‍ പറഞ്ഞു.  

ഇല്ലാത്ത കേസുകളില്‍ പോലും കുടുക്കി പ്രതിപക്ഷ നേതാക്കളെ രാജ്യമാകെ മോദി ഭരണകൂടം വേട്ടയാടുകയാണ്. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളുടെ പ്രധാന ജോലി തന്നെ ഇപ്പോള്‍ അതാണ്. എന്നാല്‍, കേരള മുഖ്യമന്ത്രിക്കെതിരെ വ്യക്തമായ തെളിവുകളും മൊഴികളും നിലനില്‌ക്കെയാണ് എല്ലാ കേസുകളും തേച്ചുമാച്ചത്. സ്വര്‍ണക്കടത്ത് കേസ് നിര്‍ജീവമാക്കിയതിനോടൊപ്പം ലാവ്‌ലിന്‍ കേസ് 28 തവണ മാറ്റിവച്ചതും കൂട്ടിവായിക്കേണ്ടതാണ്. പിണറായി വിജയനെ കണ്ണിലെ കൃഷ്ണമണിപോലെയാണ് പ്രധാനമന്ത്രി  സംരക്ഷിക്കുന്നത്. നവകേരളയാത്രയില്‍ മോദിക്കെതിരേ ഒരക്ഷരം പോലും മുഖ്യമന്ത്രി ഉരിയാടിയില്ല. ഇത്രയും ജനദ്രോഹകരമായ യാത്രയില്‍ ഒരു കീറത്തുണിപോലും ഉയര്‍ത്തി പ്രതിഷേധിക്കാന്‍ ബിജെപി തയാറായതുമില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴിനീളെ ആക്രമിക്കപ്പെട്ടപ്പോള്‍ അതു കണ്ടു രസിച്ചവരാണ് ബിജെപിക്കാര്‍. ബിജെപി നേതാക്കള്‍ കുടുങ്ങുമെന്ന് ഉറപ്പുള്ള കൊടകര കുഴല്‍പ്പണക്കേസും ഒത്തുതീര്‍ന്നു.  

കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വെറും നനഞ്ഞ പടക്കമായി. അയോധ്യക്ഷേത്രം ഉയരുന്ന യുപിക്ക് 15,700 കോടി രൂപ കഴിഞ്ഞ ആഴ്ച അനുവദിച്ചപ്പോള്‍ കേരളത്തിന് മോദിയുടെ ഒരുകെട്ട് ഗ്യാരണ്ടി മാത്രമാണ് ലഭിച്ചത്. കേരളത്തിന് അര്‍ഹതപ്പെട്ടത് ചോദിച്ചുവാങ്ങാന്‍ മുഖ്യമന്ത്രിക്കും ഭയമാണ്. സുരേഷ് ഗോപിക്കുവേണ്ടിയുള്ള ഒരുക്കങ്ങളാണ് പ്രധാനമന്ത്രി നടത്തുന്നതെങ്കില്‍ ആ പരിപ്പ് തൃശൂരില്‍ വേവില്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments