തൃശൂർ: സർക്കാർ പൊലീസിനെ ഉപയോഗിച്ച് ഭരണകൂട ഭീകരത നടപ്പാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിന്റെ അഹങ്കാരവും ധാർഷ്ട്യവുമാണ് സർക്കാർ കാണിക്കുന്നത്. മാങ്കൂട്ടത്തിൽ ഒളിവിൽ പോയ ആളല്ല. എന്നിട്ടും വീട്ടിൽ ചെന്ന് വാതിൽ മുട്ടിത്തുറന്ന് അറസ്റ്റ് ചെയ്ത് ഷോ കാണിച്ച് യൂത്ത് കോൺഗ്രസിനെയും യുഡിഎഫിനെയും ഭയപ്പെടുത്താമെന്ന് പിണറായി കരുതണ്ടയെന്നും അദ്ദേഹം പറഞ്ഞു.
താൻ ജാമ്യമെടുക്കില്ല, തന്റെ സഹപ്രവർത്തകരുടെ പോലെ താനും ജയിലിൽ പോവാമെന്ന് പറഞ്ഞയാളാണ് മാങ്കൂട്ടത്തിൽ. അന്നത്തെ സംഘർഷത്തിൽ അദ്ദേഹത്തിന് തലയ്ക്ക് പരിക്കേറ്റിരുന്നു. അതിന് ശേഷം അസുഖമുണ്ടാവുകയും ചികിത്സയിലിരിക്കുകയും ചെയ്ത ദിവസങ്ങൾ ഒഴികെ എല്ലാ ദിവസവും അദ്ദേഹം പുറത്തുണ്ടായിരുന്നു. ഇന്നലെയും കൊല്ലത്ത് ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയ അദ്ദേഹത്തെ ഞാൻ നിർബന്ധിച്ചാണ് വീട്ടിലേക്ക് പറഞ്ഞയച്ചത്. വിശ്രമത്തിലിരിക്കുന്നയാളെയാണ് പൊലീസ് വീട്ടിൽ കയറി അറസ്റ്റ് ചെയ്തത്.
ജാമ്യമില്ലാത്ത കേസ് ചുമത്തപ്പെട്ട മുഖ്യമന്ത്രിയുടെ ഗൺമാൻമാർ അദ്ദേഹത്തിന്റെ ഇടതും വലതുമായി നടക്കുകയാണ്. അവരെ അറസ്റ്റ് ചെയ്തില്ല. അവർക്ക് സ്റ്റേഷനിൽ ഹാജരാവാനോ മൊഴി കൊടുക്കാനോ സമയമില്ല. ഞാൻ നിൽക്കുന്ന ചാലക്കുടിയിൽ പൊലീസ് ജീപ്പ് തകർത്ത പ്രതിയെ രക്ഷിച്ച സിപിഐഎം ഏരിയാ സെക്രട്ടറിയെ അറസ്റ്റ് ചെയ്തില്ല. ചാലക്കുടി എസ്ഐയെ തല്ലിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ എസ്എഫ്ഐ സംസ്ഥാന നേതാവിനെ അറസ്റ്റ് ചെയ്തിട്ടില്ല. ഇത് ഇരട്ടനീതിയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
പ്രതിഷേധം നടത്തിയ എസ്എഫ്ഐ പ്രവർത്തകരെ ഓമനിച്ചാണ് കേരള പൊലീസ് കൊണ്ടുപോയത്. അതേ പൊലീസ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിന്റെ വീട്ടിൽ കയറി അറസ്റ്റ് ചെയ്തെങ്കിൽ അതിന്റെ തക്കതായ തിരിച്ചടി സർക്കാരിനുണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഈ കേസിൽ ഒന്നാം പ്രതി ഞാനാണ്. തന്നെ വീട്ടിൽ വന്ന് അറസ്റ്റ് ചെയ്യട്ടെ. കാണാമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പ്രവർത്തിക്കുന്ന ഉപചാപക സംഘമാണിതിന് പിന്നിൽ. ഇതിൽ ഞങ്ങളുടെ പ്രതികരണം ഉണ്ടാവുമെന്നും സതീശന്‍ വ്യക്തമാക്കി.