മുഖ്യമന്ത്രി പിണറായി വിജയനും സംഘപരിവാറും തമ്മിലുള്ള സെറ്റിൽമെന്റിന്റെ ഇടനിലക്കാരൻ കേന്ദ്രമന്ത്രി വി മുരളീധരനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേസുകളിൽ ഇത്തരത്തിൽ സെറ്റിൽമെന്റ് നടക്കുന്നുണ്ട്. ഇടതുമുന്നണിയുമായി ഒരു സമരത്തിനുമില്ല. തീരുമാനം മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിക്കുമെന്നും വി.ഡി സതീശൻ.
കുഴൽപ്പണ കേസിൽ നിന്ന് കെ സുരേന്ദ്രനെ ഒഴിവാക്കിയത് ഈ ബന്ധം മൂലം. പിണറായി മോദിയുടെ മുന്നിൽ കൂപ്പുകൈകളോടെ നിന്നതിൽ നിന്ന് ഇതെല്ലാം വ്യക്തമാണ്. രജിസ്ട്രാർ ഓഫ് കമ്പനീസ് ആവശ്യപ്പെട്ട രേഖകൾ എന്തുകൊണ്ട് വീണ വിജയൻ ഹാജരാക്കിയില്ല? വീണക്കെതിരെ ഇഡി അന്വേഷണം ഇല്ലാത്തത് എന്തുകൊണ്ട്? ആരോപണങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റോ സിബിഐയോ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ്.
എക്സാലോജിക് നടത്തുന്ന ഇടപാടുകളെ കുറിച്ച് സിപിഐഎമ്മിന് ഒന്നുമറിയില്ല. തെളിവുകളുണ്ടെങ്കിൽ എ.കെ ബാലൻ ഹാജരാക്കട്ടെ. CMRL-നും എക്സാലോജിക്കിനും ഹാജരാക്കാൻ കഴിയാത്ത രേഖകൾ ബാലൻ ഹാജരാക്കിയാൽ ആരോപണങ്ങൾ പിൻവലിക്കാം. ഈ കേസിൽ സിബിഐ വന്നാൽ കോൺഗ്രസിനുണ്ടാകുന്ന ക്ഷീണം ഓർത്ത് എം.വി ഗോവിന്ദൻ ടെൻഷനടിക്കേണ്ടെന്നും വി.ഡി സതീശൻ.
കേന്ദ്രസർക്കാറിനെതിരെ സംസ്ഥാനസർക്കാർ നടത്തുന്ന സമരത്തിൽ നിന്നും വിട്ടുനിൽക്കണമെന്ന് യുഡിഎഫിലെ കക്ഷികൾ ഒറ്റക്കെട്ടായാണ് ആവശ്യപ്പെട്ടത്. മുസ്ലിം ലീഗ് ഉൾപ്പടെ ഇതേ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.