തിരുവനന്തപുരം: കെട്ടിട നിര്‍മ്മാണത്തിനുള്ള പ്ലാന്‍ അപ്രൂവല്‍ സംബന്ധിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രിയും മന്ത്രിയുമായ ഡികെ ശിവകുമാര്‍ കഴിഞ്ഞദിവസം നടത്തിയ പ്രഖ്യാപനം, കഴിഞ്ഞ വര്‍ഷം മുതല്‍ കേരളം നടപ്പാക്കി കഴിഞ്ഞതാണെന്ന് മന്ത്രി എംബി രാജേഷ്. കേരളം കഴിഞ്ഞ ഒരു വര്‍ഷമായി നടപ്പാക്കുന്നത്, ഇപ്പോള്‍ ബംഗളൂരുവില്‍ നടപ്പാക്കും എന്നാണ് ശിവകുമാര്‍ പറഞ്ഞത്. വിമര്‍ശകരും കേരളത്തെ ഇകഴ്ത്താന്‍ തക്കം പാര്‍ത്തിരിക്കുന്നവരും ഇത് കാണുന്നുണ്ടോയെന്നും മന്ത്രി രാജേഷ് ചോദിച്ചു.
ബംഗളൂരു നഗരത്തില്‍ കെട്ടിട നിര്‍മ്മാണത്തിനുള്ള പ്ലാന്‍ അപ്രൂവല്‍ സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാക്കാന്‍ കര്‍ണാടക ആലോചിക്കുന്നു എന്നാണ് ശിവകുമാര്‍ പറഞ്ഞത്. അതിന്റെ കാരണവും അദ്ദേഹം പറയുന്നുണ്ട്, ആളുകള്‍ക്ക് പെര്‍മിറ്റ് കിട്ടാന്‍ നെട്ടോട്ടം ഓടേണ്ടി വരുന്നു. ആറു മാസം വരെ കാത്തിരിക്കേണ്ട ദുരനുഭവം ഉണ്ടാകുന്നു. അതെല്ലാം പരിഹരിക്കാനാണെന്നാണ് ഡികെ ശിവകുമാര്‍ പറയുന്നത്. കേരളത്തില്‍ മാത്രമുണ്ടായിരുന്ന പ്രശ്‌നമല്ല, രാജ്യമാകെ ഈ പ്രശ്‌നമുണ്ടെന്നര്‍ത്ഥം.’ അത് പരിഹരിക്കാന്‍ കേരളം സ്വീകരിച്ച മാര്‍ഗം ഇപ്പോള്‍ മറ്റു സംസ്ഥാനങ്ങള്‍ക്കും വഴി കാണിക്കുകയാണെന്ന് മന്ത്രി രാജേഷ് പറഞ്ഞു.