കണ്ണൂർ: വിവാദങ്ങൾ നിരാശനാക്കിയെന്നും ഇനിയൊരു സംരംഭവും തുടങ്ങാനില്ലെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. വൈദേകം റിസോർട്ട് ഉൾപ്പെടെ നാടിനായി കൊണ്ടുവന്ന പദ്ധതികൾക്ക് പിന്തുണ കിട്ടിയില്ലെന്നാണ് ജയരാജന്‍റെ പരിഭവം. മുന്നണി കൺവീനർ പദവിയിൽ വേണ്ടത്ര സജീവമാകാൻ കഴിഞ്ഞില്ലെന്നും അദ്ദേഹത്തിന്‍റെ സ്വയം വിമർശനമുണ്ട്. വിവാദ വൈദേകമുൾപ്പെടെ ചെയ്ത നല്ല കാര്യങ്ങളുടെ പട്ടികയിൽ ഇ.പി.ജയരാജൻ ചേർക്കുന്നു.
വിവാദങ്ങള്‍ നിരാശനാക്കി. ഇനിയൊരു സംരംഭത്തിന് മുന്നിൽ നിൽക്കാൻ ഇപിയില്ല. സംരംഭങ്ങൾക്കില്ലെന്ന് കരുതി അതിന് വേറെ വ്യാഖ്യാനവും വേണ്ടെന്നും ഇപി കൂട്ടിച്ചേർക്കുന്നു. മുന്നണി കൺവീനർ പദവിയിലെ പ്രവർത്തനത്തിൽ പൂർണതൃപ്തിയില്ല. എന്നുകരുതി അതിലും വേറെ വ്യാഖ്യാനം വേണ്ടെന്നാണ് ഇപിയുടെ വിശദീകരണം. കിട്ടേണ്ടിടത്ത് കിട്ടാതെപോയ പിന്തുണ, എതിർപ്പ്, നിരാശ, പദവിയിൽ അത്ര പോരെന്ന സ്വയം വിലയിരുത്തൽ, സജീവ രാഷ്ട്രീയത്തിൽ നിന്ന് അകലില്ലെന്ന് ഊന്നുമ്പോഴും ഇ.പി.ജയരാജന്‍റെ വാക്കിലുണ്ടെല്ലാം.