ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 25 ന് കൊച്ചിയിലെത്തും. യുവാക്കളുമായുള്ള സംവാദ പരിപാടിയായ ‘യുവം’ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. ‘യുവം’ സമ്മേളനത്തില്‍ സമ്മേളനത്തിൽ മോദിക്കൊപ്പം അനിൽ ആന്റണിയും പങ്കെടുക്കും. യുവാക്കളുമായുള്ള മോദിയുടെ സംവാദ പരിപാടി സംസ്ഥാനത്ത് അനിലിന്‍റെ പാർട്ടിയിലെ അരങ്ങേറ്റ വേദിയാക്കി മാറ്റാനാണ് തീരുമാനം.പാർട്ടിക്ക് പുറത്തുള്ളവരെ ആകർഷിക്കാൻ വേണ്ടിയാണ് ‘യുവം’ സമ്മേളനം നടത്തുന്നത്.
ശരിക്കും യുവം രാഷ്ട്രീയപരിപാടിയായല്ല ബിജെപി ആസൂത്രണം ചെയ്തത്. വിവിധ മേഖലകളിലെ ആളുകളെ സംസ്ഥാനത്തുടനീളം പാർട്ടിയിലേക്ക് ആകർഷിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് യുവം. കൊച്ചിയിൽ യുവാക്കളും പ്രൊഫഷണലുകളെയുമാണ് പങ്കെടുപ്പിക്കുന്നതെങ്കിൽ പിന്നാലെ തൃശൂരിൽ സ്മൃതി ഇറാനി പങ്കെടുക്കുന്ന വനിതാ സംഗമവും കോഴിക്കോട് രാജ് നാഥ് സിംഗ് നയിക്കുന്ന വിമുക്ത ഭടന്മാരുടെ കൂട്ടായ്മയും സംഘടിപ്പിക്കുന്നുണ്ട്. അനിൽ ഒരു തുടക്കം മാത്രമെന്നാണ് ബിജെപി പറയുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് അനില്‍ ആന്‍റണിയെ ബിജെപിയിലെത്തിക്കാനുള്ള നീക്കം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. പ്രധാനമന്ത്രി നിർദ്ദേശിച്ചതിന് പിന്നാലെയാണ് അനിലുമായി ബിജെപി നേതാക്കൾ ബന്ധപ്പെട്ടത്. അതിന് ശേഷം ചർച്ചകൾ അമിത് ഷായാണ് നിരീക്ഷിച്ചത്. വിശദമായ ചർച്ചകൾക്ക് ശേഷമാണ് അനിൽ ബി ജെ പിയിലേക്ക് എത്തിയത്. ദേശീയ തലത്തിലാകും അനിലിന്‍റെ റോൾ എന്നാണ് സൂചന. അനിലിന്‍റെ ദേശീയ തലത്തിലെ സാന്നിധ്യം പാർട്ടിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ബിജെപി എന്നാണ് വ്യക്തമാകുന്നത്.
ദില്ലി: രാജ്യത്തെ വഞ്ചിക്കുന്നത് കോൺഗ്രസ് ആണെന്നും രാജ്യ താത്പര്യം സംരക്ഷിക്കുന്ന ഏകപാർട്ടി ബിജെപിയാണെന്നും അനിൽ ആന്റണി. ഇന്നലെ ബിജെപിയിൽ അംഗത്വം സ്വീകരിച്ച അനിൽ, ബിജെപിയിൽ ചേർന്നത് ചിന്തിച്ചെടുത്ത തീരുമാനമാണെന്നും തന്നെ സ്വീകരിച്ചതിൽ പാർട്ടി നേതൃത്വത്തോട് നന്ദിയുണ്ടെന്നും വ്യക്തമാക്കി. കോൺഗ്രസ് പഴയ കോൺഗ്രസല്ലെന്നും അനിൽ ആന്റണി വിമർശിച്ചു. ഇന്നലെയാണ് കേന്ദ്രമന്ത്രി പിയൂഷ് ഗോയലിൽ നിന്ന് അനിൽ ആന്റണി പാർട്ടി അംഗത്വം സ്വീകരിച്ചത്.
ജനപ്രീതിയുള്ള നേതാവാണ് നരേന്ദ്ര മോദിയെന്നും അനിൽ പറഞ്ഞു. ഇന്ന് ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകാൻ ഏറ്റവും നല്ല പാർട്ടി ബിജെപിയാണ്. അതിനുള്ള ഏറ്റവും നല്ല നേതാവ് നരേന്ദ്രമോദിയാണ് എന്ന് വളരെ വ്യക്തമായി മനസ്സിലാക്കി കേരളം ഉൾപ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ജനങ്ങൾ വരും തെരഞ്ഞെടുപ്പിൽ കൂടുതൽ കൂടുതൽ ബിജെപിക്കായി വോട്ട് ചെയ്യും. എല്ലാ സംസ്ഥാനങ്ങളിലും ഭാവി ബിജെപിയാണെന്നും അനിൽ ആന്റണി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.