കൊച്ചി: വിവാദ കമ്പനി ഡോണ്‍ട ഇൻഫ്രാടെക്കിന് കോഴിക്കോട് വേസ്റ്റ് ടു എനർജി കരാർ നേടിയെടുക്കുന്നതിൽ സർക്കാർ വഴിവിട്ട് സഹായിച്ചതിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്. ടി കെ ജോസ് ഐ എ എസ് എതിർത്തിട്ടും അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ് വഴി കമ്പനിക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്ന തീരുമാനങ്ങൾ നേടിയെടുക്കാൻ സോണ്‍ട ഇൻഫ്രാടെക്കിനായി. ഇക്കാര്യം അന്നത്തെ സോണ്‍ട പ്രതിനിധി ഡെന്നീസ് ഈപ്പൻ ഇടനിലക്കാരൻ പൗളി ആന്‍റണിയോട് പറയുന്ന ശബ്ദരേഖ പുറത്തു വന്നു.
സോണ്‍ട ഇൻഫ്രാടെക്കിന് തുടക്കത്തിൽ തന്നെ ടോം ജോസ് ഐഎ എസിന്‍റെ സഹായം കിട്ടിയെന്ന് ഇടനിലക്കാരൻ അജിത്ത് കുമാർ എഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിന് ബലമേകുന്ന ശമ്പ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 2019 ഫെബ്രുവരി മാസം സോണ്ട പ്രതിനിധിയും ജർമ്മനിയിലെ സംഭകനുമായ ഡെന്നീസ് ഈപ്പൻ ഇടനിക്കാരൻ പൗളി ആൻ്റണിയുമായി സംസാരിച്ച ശബ്ദരേഖയാണ് പുരത്ത് വന്നത്. കമ്പനിക്ക് അനുകൂലമായ രീതിയിൽ സോണ്‍ടക്ക് ബാധ്യത വരാത്ത രീതിയിൽ വ്യവസ്ഥകൾ സാധിച്ചെടുത്തു.
അജിത്ത് കുമാറിനോട് കള്ളം പറഞ്ഞ് ഒഴിവാക്കുകയായിരുന്നുവെനാണെന്ന് ഡെന്നീസ് ഈപ്പൻ പറയുന്നതെങ്കിലും ഈ രേഖകൾ കള്ളം പറയില്ല. 2019 മാർച്ച് മാസം അതായത് ഡെന്നീസ് പൗളിയുമായി സംസാരിച്ച് ഒരു മാസം കഴിഞ്ഞപ്പോൾ ചീഫ് സെക്രട്ടറി ടോം ജോസിന്‍റെ അധ്യക്ഷതയിൽ ചേർന്ന മാലിന്യ നിർമ്മാർജനത്തിന്‍റെ സംസ്ഥാന തല ഉപദേശക സമിതിയോഗത്തിൻ്റെ മിനിട്സില്‍, പ്ലാൻ്റിൽ എത്തുന്ന ഒരു ടൺ മാലിന്യത്തിന് 3500 രൂപ ടിപ്പിംഗ് ഫീസ് വേണമെന്ന സോണ്‍ടയുടെ ആവശ്യം അംഗീകരിച്ച് മന്ത്രിസഭാ യോഗത്തിലേക്ക് ശുപാർശ ചെയ്തു. പിന്നാലെ സർക്കാർ അംഗീകരിച്ചു.
ഓരോ മാസവും കമ്പനിക്ക് അങ്ങോട്ട് കൊടുക്കുന്ന കോടികളാണ് ടിപ്പിംഗ് ഫീസ് എന്ന് പറയുന്നത്. നമ്മുടെ നികുതി പണം. ഇത്ര ഭീമമായ ടിപ്പിംഗ് ഫീസ് അനായാസം നേടിയെടുക്കാനായെങ്കിൽ കേരളത്തിൽ സോണ്ടയുടെ സ്പോൺസർ ആരായിരിക്കും? അഴിമതിയിലേക്ക് വിരൽ ചൂണ്ടുന്ന ഈ ചോദ്യത്തിനാണ് ഉത്തരം കിട്ടേണ്ടത്.