കണ്ണൂര്‍: ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ സഭ മേലദ്ധ്യക്ഷന്മാരെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍. ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി, ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് എന്നിവര്‍ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ സന്ദര്‍ശിച്ചു. അതിരൂപത ആസ്ഥാനത്ത് എത്തിയാണ് സന്ദര്‍ശനം നടത്തിയത്. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയ്ക്ക് നേതാക്കള്‍ ഈസ്റ്റര്‍ ആശംസാ കാര്‍ഡും കൈമാറി. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്ന് പി കെ കൃഷ്ണദാസ് പ്രതികരിച്ചു.
രാവിലെ എട്ട് മണിയോടെയായിരുന്നു കൂടിക്കാഴ്ച. ബിഷപ്പ് നേരത്തേ പറഞ്ഞ പ്രശ്നങ്ങള്‍ ഗൗരവമുള്ളതാണ്. ബിഷപ്പിന്റെ പ്രസ്താവനകള്‍ വ്യക്തിപരമായ അഭിപ്രായമല്ലെന്നും, പൊതുസമൂഹത്തിന്റെ ആഗ്രഹമാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്നും കൃഷ്ണദാസ് പറഞ്ഞു.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചു കൊണ്ടുവരിക എന്നതാണ് സ്‌നേഹയാത്രയുടെ ലക്ഷ്യമെന്നും കേരളത്തില്‍ വലിയൊരു മാറ്റമാണ് നടക്കാനിരിക്കുന്നതെന്നും കൃഷ്ണദാസ് വ്യക്തമാക്കി. സ്നേഹ യാത്രയുടെ ഭാഗമായുള്ള സന്ദര്‍ശനമാണെന്ന് എപി അബ്ദുള്ളക്കുട്ടിയും പ്രതികരിച്ചു.
കേന്ദ്രമന്ത്രി വി മുരളീധരന്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോയ്ക്ക് ഈസ്റ്റര്‍ ആശംസ നേരാന്‍ എത്തി. വെള്ളയമ്പലം ബിഷപ്പ് ഹൗസില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച. ഈസ്റ്ററില്‍ രാഷ്ട്രീയമില്ലെന്നും സൗഹൃദപരമായ സന്ദര്‍ശനമാണ് നടന്നതെന്നും, ഈസ്റ്റര്‍ ആശംസകള്‍ നേരാനാണ് എത്തിയതെന്നും വി മുരളീധരന്‍ പറഞ്ഞു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോഴിക്കോട് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിനെ സന്ദർശിച്ചു