ബെംഗലൂരു: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകത്തിൽ ബിജെപിയിൽ പൊട്ടിത്തെറി. സ്ഥാനാർത്ഥി നിർണയത്തിലെ പരാതിയെ തുടർന്ന് പാർട്ടിയിലെ പ്രാഥമിക അംഗത്വം ലക്ഷ്മൺ സാവഡി രാജിവച്ചു. സീറ്റ് കിട്ടാത്തതാണ് രാജിക്ക് കാരണമെന്ന് സ്ഥിരീകരിച്ചു. നാലാം യെദിയൂരപ്പ മന്ത്രിസഭയിൽ 2019 മുതൽ 2021 വരെ ഉപമുഖ്യമന്ത്രിയും ഗതാഗതമന്ത്രിയുമായിരുന്നു സാവഡി.
യെദിയൂരപ്പയുടെ വിശ്വസ്തനായ ഇദ്ദേഹം ബെലഗാവിയിലെ മുതിർന്ന ലിംഗായത്ത് നേതാവാണ്. ഗനിഗ ലിംഗായത്ത് വിഭാഗത്തിലെ ശക്തനായ നേതാവുമാണ്. 2004 മുതൽ 2018 വരെ ബെലഗാവി ഉത്തർ എംഎൽഎയായിരുന്നു. 2018-ൽ അന്ന് കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന മഹേഷ് കുമത്തള്ളിയോട് തോറ്റു. 2019-ൽ കുമത്തള്ളി കൂറ് മാറി ബിജെപിയിലെത്തിയതാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ തുടക്കം.
അന്ന് കുമത്തള്ളിക്ക് സീറ്റ് നൽകിയപ്പോൾ 2023-ൽ തനിക്ക് സീറ്റ് നൽകുമെന്ന് ബിജെപി നേതൃത്വം ഉറപ്പ് നൽകിയതാണെന്ന് സാവഡി പറയുന്നു. കുമത്തള്ളിക്ക് 2019-ൽ സീറ്റ് നൽകിയപ്പോൾ സാവഡിക്ക് എംഎൽസി സ്ഥാനം ബിജെപി നൽകിയിരുന്നു. എന്നാൽ രമേശ് ജർക്കിഹോളി കുമത്തള്ളിക്ക് ഇത്തവണയും സീറ്റ് നൽകിയേ തീരൂ എന്ന് വാശി പിടിച്ചു. ബിജെപി കേന്ദ്രനേതൃത്വം കൂറ് മാറിയെത്തിയവരുടെ സമ്മർദ്ദത്തിന് വഴങ്ങുകയായിരുന്നു.