കോഴിക്കോട്: വന്ദേ ഭാരത് വന്ന സ്ഥിതിക്ക് ഇനി സില്‍വര്‍ ലൈന്‍ വരില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. വാശി ഉപേക്ഷിച്ച് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
രണ്ട് മണിക്കൂറിന് വേണ്ടി ഒരു ലക്ഷം കോടി ചിലവാക്കാനുളള സാമ്പത്തിക സ്ഥിതി കേരള സര്‍ക്കാരിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും കെ മുരളീധരന്‍ വിമര്‍ശിച്ചു. ‘ഷൊര്‍ണൂറുണ്ടാക്കുന്ന അപ്പം അവിടെ വില്‍ക്കണം. അതിന് വേണ്ടി കൊച്ചിക്ക് പോകേണ്ടതില്ല. അപ്പം വില്‍ക്കുന്നതിനായി ഒരു റെയില്‍വേ ലൈനിന്റെ ആവശ്യം സംസ്ഥാനത്തില്ല’, മുരളീധരന്‍ പറഞ്ഞു.
അതേസമയം കേരളത്തിന്റെ ആദ്യ വന്ദേഭാരത് ട്രെയിനിന് രണ്ട് സ്റ്റോപ്പുകള്‍ കൂടി അനുവദിക്കാന്‍ സാധ്യതയുണ്ട്. സംസ്ഥാനത്തെ വന്ദേഭാരതിന് ആറ് സ്റ്റോപ്പുകളാണ് നിലവില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. എന്നാല്‍ ഷൊര്‍ണൂരില്‍ അടക്കം സ്റ്റോപ്പുകളില്ലാത്തത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. വിവിധ കോണുകളില്‍ നിന്ന് പുതിയ സ്റ്റോപ്പുകള്‍ക്കുള്ള ആവശ്യവും ഉയര്‍ന്നിരുന്നു. ഇതില്‍ ഒന്നോ രണ്ടോ സ്‌റ്റോപ്പുകള്‍ കൂടി റെയില്‍വേ അനുവദിക്കാനാണ് സാധ്യത.