തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസം നിലവാരം ഉള്ളതാണെങ്കിൽ എന്തിനാണ് കുട്ടികൾ പുറത്തുപോയി പഠിക്കുന്നതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ഉന്നത വിദ്യാഭ്യാസ മേഖലയിൽ എത്രമാത്രം മുന്നേറി എന്നത് ഇപ്പോഴും ആശങ്കയാണ്. ഉച്ചക്കഞ്ഞി വിതരണം ചെയ്യുന്നു എന്നതാണ് വിദ്യാഭ്യാസ മേഖലയിലെ നേട്ടമായി ചൂണ്ടിക്കാണിക്കുന്നത്. ഇതുകൊണ്ട് മാത്രം വിദ്യാഭ്യാസ മേഖലയിലെ പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്നും വി മുരളീധരൻ പറഞ്ഞു.
തൊഴിലവസരങ്ങൾക്ക് വിദ്യാർത്ഥികളെ സജ്ജരാക്കാൻ സാധിക്കുന്നില്ല. കേരളത്തിലെ 43 കോളേജുകളിൽ പ്രിൻസിപ്പൽ ഇല്ല. സിപിഐഎമ്മിന് താൽപര്യമുള്ള ആളുകൾ ഇല്ലാത്തതാണ് ഇവിടെ നിയമനം നടത്താത്തതിന് കാരണം. ഇങ്ങനെ ഒരു നയത്തിലൂടെ മികവിന്റെ കേന്ദ്രങ്ങൾ ഉണ്ടാകില്ല. വിസി യെ നിയമിക്കുന്നതും ഉച്ചക്കഞ്ഞിയും തമ്മിൽ ബന്ധമില്ല എന്നെങ്കിലും വിദ്യാഭ്യാസ മന്ത്രി മനസിലാക്കേണ്ടതാണ്.’ കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ കുത്തഴിഞ്ഞ അവസ്ഥയും രാഷ്ട്രീയ ഇടപെടലും ചൂണ്ടിക്കാട്ടിയാണ് മുരളീധരന്റെ പ്രതികരണം. സർക്കാർ കുട്ടികളുടെ ഭാവി എങ്കിലും ആലോചിക്കണമെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യുവം പരിപാടി നാളെ കൊച്ചിയിൽ നടക്കും. തേവര എസ്എച്ച് കോളേജ് ഗ്രൗണ്ടിലാണ് പരിപാടി സംഘടിപ്പിക്കുക. അനില്‍ ആന്‌റണിയും മോദിക്കൊപ്പം വേദി പങ്കിടും. ഒരു ലക്ഷത്തോളം പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. കന്നഡ താരം യാഷ്, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ എന്നിവരും മോദിയോടൊപ്പം പരിപാടിയില്‍ പങ്കെടുക്കും