കോഴിക്കോട്: ദി കേരള സ്റ്റോറി സിനിമയുമായി ബന്ധപ്പെട്ട വിവാദം കത്തിനിൽക്കവെ വിഷയത്തിൽ പ്രതികരിച്ച് കെ മുരളീധരൻ എംപി രംഗത്ത്. ആവിഷ്കാര സ്വാതന്ത്ര്യത്തിൻറെ പേരിൽ വർഗീയത വളർത്തുന്ന ഒന്നും അനുവദിക്കരുതെന്ന് മുരളീധരൻ വ്യക്തമാക്കി. ദി കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കാൻ സർക്കാർ അനുവാദം നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനൊപ്പം തന്നെ കക്കുകളി നാടകവും അനുവദിക്കരുതെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.
അതേസമയം മലപ്പുറം: ‘ദി കേരള സ്റ്റോറി’ സിനിമക്കെതിരെ യൂത്ത് ലീഗും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി നുണകൾ മാത്രം പറയുന്ന സംഘ് പരിവാർ ഫാക്ടറിയിലെ ഏറ്റവും വലിയ നുണകളിൽ ഒന്നാണ് ലൗ ജിഹാദ് വഴി മതം മാറ്റി സിറിയയിലേക്ക് കടത്തി എന്ന ആരോപണമെന്ന് പറഞ്ഞ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ, ഇതുമായി തെളിവ് കൊണ്ടുവരുന്നവർക്ക് ഒരുകോടി രൂപ മുസ്‌ലിം യൂത്ത് ലീഗ് ഇനാം നൽകുമെന്നും പ്രഖ്യാപിച്ചു. ഒരാളുടെയെങ്കിലും അഡ്രസ് ചോദിക്കുമ്പോൾ ഒന്നും കേൾക്കാത്ത പോലെ തലതാഴ്ത്തി ഇരിപ്പാണ് ഇക്കൂട്ടരെന്നും ഫിറോസ് ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു.