ബെംഗലൂരു: കര്‍ണാടകയില്‍ സംവരണ പരിധി ഉയർത്തുമെന്ന് കോൺഗ്രസ് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. 50% സംവരണ പരിധി 70% ആക്കി ഉയർത്തും. മുസ്ലിം സംവരണം റദ്ദാക്കിയത് പുന:സ്ഥാപിക്കും. ലിംഗായത്ത്, വൊക്കലിഗ സംവരണം ഉയർത്തും. എസ് സി സംവരണം 15 ശതമാനത്തില്‍ നിന്ന് 17 ആക്കി ഉയർത്തും. എസ് ടി സംവരണം മൂന്നില്‍ നിന്ന് ഏഴ് ശതമാനമാക്കും. സംസ്ഥാനത്തെ സാമൂഹ്യ – സാമ്പത്തിക സെൻസസ് പുറത്ത് വിടും. എസ് സി-എസ് ടി വിഭാഗങ്ങളിലെ പിയുസി മുതൽ മുകളിലേക്ക് പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ് ടോപ് നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.
1.ഗൃഹ ജ്യോതി – ആദ്യ 200 യൂണിറ്റ് വൈദ്യുതി എല്ലാ വീടുകളിലും സൗജന്യം
2. ഗൃഹ ലക്ഷ്മി – തൊഴിൽ രഹിതരായ എല്ലാ സ്ത്രീകൾക്കും 2000 രൂപ പ്രതിമാസ ഓണറേറിയം
3. അന്നഭാഗ്യ – എല്ലാ ബിപിഎൽ കുടുംബങ്ങൾക്കും ഓരോ മാസവും 10 കിലോ അരി/റാഗി/ഗോതമ്പ്.
4. യുവനിധി – അധികാരത്തിൽ വന്ന് ആദ്യത്തെ 2 വർഷം എല്ലാ തൊഴിൽ രഹിതരായ ഡിഗ്രിയുള്ള യുവതീ യുവാക്കൾക്ക് 3000 രൂപ പ്രതിമാസം, ഡിപ്ലോമ ഉള്ളവർക്ക് 1500 പ്രതിമാസം
5. ശക്തി – എല്ലാ സ്ത്രീകൾക്കും ksrtc, bmtc ബസ്സുകളിൽ സൗജന്യ യാത്ര
കഴിഞ്ഞ ദിവസം ബിജെപിയുടെ പ്രകടന പത്രിക ഇന്നലെ പുറത്തിറക്കിയിരുന്നു. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നാണ് പ്രധാന വാഗ്ദാനം. ഇതിനായി ഉന്നതതല സമിതി രൂപീകരിക്കുമെന്നും ആ സമിതിയുടെ നിർദേശപ്രകാരമാകും തുടർ തീരുമാനങ്ങൾ എന്നും പ്രകടനപത്രിക പറയുന്നു. 15 ഇന വാഗ്ദാനങ്ങൾ അടങ്ങിയ പ്രകടനപത്രിക ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദയാണ് ഇന്നലെ ബംഗളുരുവിൽ പുറത്തിറക്കിയത്. ബിപിഎൽ കുടുംബങ്ങളെ ലക്ഷ്യമിട്ടും നിരവധി വാഗ്ദാനങ്ങൾ ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്.