ബെംഗളൂരു: ഹിന്ദു സംഘടനയായ ബജ്‌റംഗ്ദളിനെ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിനോട് ഉപമിച്ച് കർണാടകയിലെ കോൺഗ്രസ് പ്രകടന പത്രിക. പോപ്പുലർ ഫ്രണ്ട്, ബജ്‌റംഗ്ദൾ പോലുള്ള സംഘടനകൾക്കെതിരെ നടപടിയെടുക്കുമെന്നാണ് പ്രകടന പത്രികയിലെ വാഗ്ദാനം. എന്നാൽ, കോൺഗ്രസിനെതിരെ ബജ്‌റംഗ്ദൾ രംഗത്തെത്തി. ചൊവ്വാഴ്ചയാണ് കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്. ബജ്‌റംഗ്ദളിനെ നിരോധിക്കണമെന്നാണ് കോൺഗ്രസ് പറയുന്നത്. നിയമവും ഭരണഘടനയും പവിത്രമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നതിനാൽ ബജ്‌റംഗ്ദൾ, പിഎഫ്‌ഐ പോലുള്ള സംഘടനകൾക്കും വ്യക്തികൾക്കും എതിരെ ഉറച്ച നടപടിയെടുക്കാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രകടന പത്രികയിൽ പറയുന്നു. ബസവരാജ് ബൊമ്മൈ സർക്കാർ അടുത്തിടെ ഇല്ലാതാക്കിയ മുസ്‌ലിംകൾക്കുള്ള 4% സംവരണം പുനഃസ്ഥാപിക്കുന്നതിനൊപ്പം സംവരണം 50% ൽ നിന്ന് 75% ആയി ഉയർത്താനാണ് പാർട്ടി ഉദ്ദേശിക്കുന്നതെന്ന് പ്രകടനപത്രിക പറയുന്നു.
നിരോധിക്കുമെന്ന കോൺഗ്രസ് വാഗ്ദാനത്തിനെതിരെ ബജ്‌റംഗ്ദൾ, വിഎച്ച്പി സംഘടനകൾ രംഗത്തെത്തി. പലയിടത്തും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. കോൺഗ്രസ് ഓഫിസുകൾക്ക് മുന്നിൽ പ്രകടന പത്രിക കത്തിക്കുയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബജ്‌റംഗ്ദളിനെ ഉപമിച്ചത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് പ്രവർത്തർ പറഞ്ഞു. കോൺഗ്രസിനെതിരെ വ്യാപക പ്രതിഷേധം നടത്തുമെന്നും നേതാക്കൾ അറിയിച്ചു.
ലിംഗായത്ത്, വൊക്കലിഗ സംവരണം ഉയർത്തുമെന്നും എസ് സി സംവരണം 15 ശതമാനത്തില്‍ നിന്ന് 17 ആക്കി ഉയർത്തുമെന്നും എസ് ടി സംവരണം മൂഏഴ് ശതമാനമാക്കുമെന്നുമാണ് കോണ്‍ഗ്രസിന്‍റെ പ്രധാനവാഗ്ദാനങ്ങള്‍. സംസ്ഥാനത്തെ സാമൂഹ്യ – സാമ്പത്തിക സെൻസസ് പുറത്ത് വിടും. എസ് സി-എസ് ടി വിഭാഗങ്ങളിലെ പിയുസി മുതൽ മുകളിലേക്ക് പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ് ടോപ് നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. 200 യൂണിറ്റ് വൈദ്യുതി എല്ലാ വീടുകളിലും സൗജന്യം, തൊഴിൽ രഹിതരായ എല്ലാ സ്ത്രീകൾക്കും 2000 രൂപ പ്രതിമാസ ഓണറേറിയം, എല്ലാ ബിപിഎൽ കുടുംബങ്ങൾക്കും ഓരോ മാസവും 10 കിലോ അരി/റാഗി/ഗോതമ്പ്, അധികാരത്തിൽ വന്ന് ആദ്യത്തെ 2 വർഷം എല്ലാ തൊഴിൽ രഹിതരായ ഡിഗ്രിയുള്ള യുവതീ യുവാക്കൾക്ക് 3000 രൂപ പ്രതിമാസം, ഡിപ്ലോമ ഉള്ളവർക്ക് 1500 രൂപ എന്നിവയാണ് മറ്റ് വാഗ്ദാനങ്ങള്‍.