കർണ്ണാടകത്തിൽ ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് പി.കെ കൃഷ്ണദാസ് . ബജ്രംഗദൾ നിരോധനം ന്യൂനപക്ഷ പ്രീണനം ലക്ഷ്യമിട്ടുള്ളതാണെന്നും കോൺഗ്രസിന്റേത് വിനാശകാലേ വിപരീതബുദ്ധിയാണെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു. ‘ബജ്രംഗ്ദളിനെ നിരോധിക്കുമെന്ന് പറഞ്ഞ് ന്യൂനപക്ഷ വോട്ടുകളെല്ലാം പെട്ടിയിൽ വീഴുമെന്നാണ് അവർ കരുതുന്നത്. ബജ്രംഗദളിനെ നിരോധിക്കുമെന്ന പ്രസ്താവനയോടെ കർണ്ണാടകത്തിൽ പുതിയ രാഷ്ടീയം ഉദയം ചെയ്തു’- പി.കെ കൃഷ്ണദാസ് പറഞ്ഞു.
ബിജെപിക്ക് പരാജയം പ്രവചിച്ച പ്രീ പോൾ സർവെയെ കുറിച്ചും പി.കെ കൃഷ്ണദാസ് പ്രതികരിച്ചു. പ്രൂപോൾ സർവ്വേകൾ ആഴ്ചകൾക്ക് മുൻപേയുള്ളതാണെന്നും നരേന്ദ്രമോദിയുടെ പ്രചാരണത്തോടെ സാഹചര്യം മാറിയെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു. ബംഗളുരുവിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന മെഗാ റോഡ്‌ഷോ നടക്കും. 12 നിയമസഭാ മണ്ഡലങ്ങളിലൂടെ 78 കിലോമീറ്റർ റോഡ്‌ഷോ നടത്തുമെന്നാണ് കൃഷ്ണദാസ് പറഞ്ഞത്.
ഇന്നലെയാണ് കർണാടകയിൽ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ബജ്രംഗ്ദളിനെ നിരോധിക്കുമെന്ന് പറഞ്ഞ് കോൺഗ്രസ് പ്രകടനപത്രികയിറക്കിയത്. ബജ്രംഗ്ദളിനെ നിരോധിക്കുമെന്ന കോൺഗ്രസ് വാഗ്ദാനം പ്രചരണായുധമാക്കിയിരിക്കുകയാണ് ബിജെപി. കോൺഗ്രസിനെതിരായ ആക്രമണത്തിന് തുടക്കമിട്ട പ്രധാനമന്ത്രി ഹനുമാനെ ആരാധിക്കുന്നവരെ നിരോധിക്കുമെന്ന കോൺഗ്രസ് പ്രഖ്യാപനം ദൗർഭാഗ്യകരമെന്ന് കുറ്റപ്പെടുത്തി. കോൺഗ്രസ് നിലപാട് മുസ്ലിം പ്രീണനവും ഹിന്ദുവിരുദ്ധവുമെന്ന തരത്തിലാണ് ബിജെപി പ്രചാരണം.
കോൺഗ്രസിനെ കടന്നാക്രമിക്കാൻ കാര്യമായ ആയുധങ്ങളില്ലാതിരുന്ന ബിജെപിക്ക് വീണുകിട്ടിയ വടിയായി മാറുകയാണ് ബജ്രംഗദൾ നിരോധന പ്രഖ്യാപനം. പ്രധാനമന്ത്രിയെ മാത്രം ഉയർത്തിക്കാട്ടിയുള്ള ബിജെപി പ്രചാരണം ജയ്ശ്രീരാം വിളികളിലേക്കും വർഗ്ഗീയ ധ്രുവീകരണത്തിലേക്കും ഗതിമാറുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഇത്തരത്തിലുള്ള പ്രചാരണത്തിന് തുടക്കമിട്ടു എന്നതാണ് ശ്രദ്ധേയം. കോൺഗ്രസിനെ കടന്നാക്രമിച്ച പ്രധാനമന്ത്രി ആദ്യം കോൺഗ്രസിന് ശ്രീരാമനായിരുന്നു പ്രശ്‌നമെന്നും ഇപ്പോൾ ജയ് ശ്രീറാം വിളിക്കുന്നവരും പ്രശ്‌നക്കാരായതായി തുറന്നടിച്ചു.