ഡല്‍ഹി: വയനാട് ലോക്സഭാ അംഗമായി പ്രിയങ്കാ ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ. മഹാരാഷ്ട്രയിലെ നാന്ദേഡ് ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച രവീന്ദ്രവസന്ത് റാവുവും ഇന്ന് ചുമതലയേൽക്കും.
പ്രതിഷേധദിനത്തിലാണ് പ്രിയങ്കയുടെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്ക് ശേഷം വയനാടിനുള്ള സഹായം വൈകുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തുന്ന സമരത്തിൽ പ്രിയങ്ക പങ്കെടുക്കും. അദാനിക്കെതിരെ അമേരിക്കയിൽ കേസ് എടുത്തതിനേകുറിച്ച് സഭയിൽ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ഇന്നും ആവശ്യപ്പെടും. മണിപ്പൂർ സംഘർഷം ചർച്ച ചെയ്യാത്തതിലും പ്രതിപക്ഷം അസ്വസ്ഥരാണ്. സഭ കൂടിയ രണ്ട് ദിവസവും പ്രതിപക്ഷ പ്രതിഷേധത്തെതുടർന്ന് പിരിയുകയായിരുന്നു.



