Monday, January 20, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsജ്ഞാനദീപം: പ്രൊഫ. കെ. കെ. കൃഷ്ണൻ നമ്പൂതിരി നവതിയുടെ നിറവിൽ

ജ്ഞാനദീപം: പ്രൊഫ. കെ. കെ. കൃഷ്ണൻ നമ്പൂതിരി നവതിയുടെ നിറവിൽ

ഇന്ത്യയുടെ വിവിധ തലങ്ങളിൽ വ്യാപിച്ചു കിടക്കുന്ന വിശിഷ്ടമായ സാംസ്കാരിക പൈതൃകത്തിനു മാതൃകാപരമായ സംഭാവനകൾ നൽകിയിട്ടുള്ള പ്രതിഭയാണ് പ്രൊഫ. കെ. കെ. കൃഷ്ണൻ നമ്പൂതിരി. വൈദിക സംസ്‌കാരം, സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ് സാഹിത്യം, അദ്ധ്യാപനം, സാമൂഹിക പ്രവർത്തനങ്ങൾ തുടങ്ങിയവ അദ്ദേഹം സമ്പന്നമാക്കിയ  മേഖലകളിൽ ചുരുക്കം ചിലത് മാത്രം. 

വേദജ്ഞനും പണ്ഡിതനും ആയിരുന്ന തലവടി കുടൽ മനയിൽ പരേതനായ വി. കൃഷ്ണൻ നമ്പൂതിരിയുടെയും സരസ്വതി അന്തർജ്ജനത്തിന്റെയും പുത്രനായി 1934 ജനുവരി 7 ന്  ജനിച്ച അദ്ദേഹത്തിന് കുടുംബത്തിലെ മുതിർന്നവരിൽ നിന്നും നേരത്തെ തന്നെ വൈദിക വിദ്യാഭ്യാസം ലഭിച്ചു. തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ഒന്നാം ക്ലാസോടെ ഹിന്ദിയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം കേരളത്തിലെ സർക്കാർ കോളേജുകളിൽ മിക്കയിടത്തും ദേശീയ ഭാഷ പഠിപ്പിച്ചിട്ടുണ്ട്.  യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ഹിന്ദി ഡിപ്പാർട്ട്‌മെന്റ് മേധാവിയായി വിരമിച്ച ശേഷം കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU) പോലെയുള്ള നിരവധി പ്രശസ്ത കേന്ദ്രങ്ങളിൽ അദ്ധ്യാപനം തുടർന്നു. യൂണിവേഴ്സിറ്റിതല പരീക്ഷകളുടെ വിവിധ ബോർഡുകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇന്ത്യൻ ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങളിൽ ഉപദേഷ്ടാവ് എന്ന നിലയിലും അദ്ദേഹം തന്റെ സേവനങ്ങൾ നൽകിയിട്ടുണ്ട്. പ്രശസ്തമായ ശ്രീ ശങ്കര ട്രസ്റ്റിന്റെ കൗൺസിൽ അംഗവു സൗത്ത് മേഖലയുടെ വൈസ് ചെയർമാനും ആയിരുന്നു. വർഷങ്ങളായി ശ്രീ രാഘവേശ്വരം ദേവസ്വത്തിന്റെയും വേദപാഠശാലയുടെയും രക്ഷാധികാരിയായി സ്തുത്യർഹമായ സേവനം നടത്തിവരുന്നുണ്ട്.

ഹിന്ദി, മലയാളം, ഇംഗ്ലീഷ്, സംസ്കൃതം എന്നീ ഭാഷകളിൽ 20ലധികം പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സാഹിത്യകൃതികൾക്ക് ദേശീയ അന്തർദേശീയ തലത്തിൽ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ പാരമ്പര്യത്തിന്റെ മൂല്യം യുവതലമുറയെ പരിചയപ്പെടുത്തുവാനായി ദിനപത്രങ്ങളിലും മറ്റു പല ആനുകാലികങ്ങളിലും അദ്ദേഹം നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ഗണിത് കെ അദ്ഭുത് മനീഷി ശ്രീനിവാസ രാമാനുജൻ’ എന്ന  കൃതിക്ക് മുൻ രാഷ്‌ട്രപതി ശങ്കർ ദയാൽ ശർമ്മയിൽ നിന്നും 1993-ൽ അഭിമാനകരമായ ദേശീയ അവാർഡ് കരസ്ഥമാക്കി.

വേദങ്ങൾ, ബ്രാഹ്മണങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുക്കൾ, ശാസ്ത്രങ്ങൾ, ദർശനങ്ങൾ, സ്‌മൃതികൾ, ഇതിഹാസങ്ങൾ ഇങ്ങനെ അനേക ഗ്രന്ഥങ്ങളിലായി വ്യാപിച്ചു കിടന്നിരുന്ന സംസ്കാരത്തെ ക്രോഡീകരിച്ച് അദ്ദേഹം എഴുതിയ ‘ഹിന്ദു ധർമ്മ സ്വരൂപം’  എന്ന കൃതി അക്ഷരാർത്ഥത്തിൽ ഒരു മാണിക്യക്കല്ല് തന്നെയാണ്.   സാഹിത്യലോകത്തിനും ഭാഷാസ്നേഹികൾക്കും  ഇതുപോലെ ഉപയോഗപ്രദമായ മറ്റൊരു കൃതി മലയാളത്തിൽ ഉണ്ടായിട്ടില്ല. അറിവ് നേടാൻ യാത്ര തിരിക്കുന്ന ആർക്കും ഒരു വഴികാട്ടി ആയിത്തീരുന്നു ഈ കൃതി.  ഈ പുസ്തകം നിരവധി പേർ ആദരിക്കുകയും ഒരു അന്താരാഷ്ട്ര സംഘടന ആയ Kerala Hindus of North America (KHNA) ഉൾപ്പെടെ നിരവധി പ്രാദേശിക, സംസ്ഥാന സംഘടനകൾ അവാർഡ് നൽകുകയും ചെയ്തിട്ടുണ്ട്.

തികഞ്ഞ ഒരു ഗാന്ധിയൻ ആയ അദ്ദേഹം എന്നും കേരളത്തിലെ സർവോദയ പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറുവർഷത്തിലൊരിക്കൽ നടക്കുന്ന 56 ദിവസത്തെ യജുർവേദ പാരായണം 2007 ലും 2013 ലും ശിഷ്യന്മാരോടൊപ്പം അദ്ദേഹം സംഘടിപ്പിച്ചിട്ടുണ്ട്. 

നിലവിൽ യോഗക്ഷേമ സഭ തിരുവനന്തപുരം ജില്ലാ രക്ഷാധികാരി ആണ്. തിരുവനന്തപുരം ഹിന്ദു സീനിയേഴ്‌സ് സിറ്റിസൺസ് ഫോറം, ഭാരതീയ വിചാരകേന്ദ്രം, പ്രാചീന വൈദിക സംസ്കാരം പ്രചരിപ്പിക്കുന്ന ഹിന്ദു പാർലമെന്റ് എന്നിവയിലും അദ്ദേഹം സജീവമായ പ്രവർത്തനം കാഴ്ച വച്ചിട്ടുണ്ട്. 

ഇന്ത്യൻ പൈതൃകത്തിനും പ്രാചീന വൈദിക സംസ്കാരത്തിന്റെ പ്രചാരണത്തിനും, വേദ പണ്ഡിതനെന്ന നിലയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ പ്രശംസനീയം ആണ്. സാഹിത്യത്തിലും വിദ്യാഭ്യാസത്തിലും ആത്മീയ പ്രചാരണത്തിലും, വേദങ്ങൾ, സാംസ്കാരിക പൈതൃകം, വിവിധ മത ധാർമ്മിക മൂല്യങ്ങൾ എന്നിവയിലും വരും തലമുറകൾക്ക് ഒരു ഉത്തമ മാതൃക ആണ് പ്രൊഫ. കെ. കെ. കൃഷ്ണൻ നമ്പൂതിരി എന്നതിൽ സംശയമില്ല.

30-ലധികം വർഷങ്ങൾ രാഷ്ട്രഭാഷയായ ഹിന്ദി പഠിപ്പിച്ചിട്ടുള്ള അദ്ദേഹം ഏകദേശം 50,000 ബിരുദ വിദ്യാർത്ഥികൾക്ക് അറിവ് പകർന്നുനൽകിയിട്ടുണ്ട്. 25 വർഷത്തിലേറെയായി വേദങ്ങളും അതിന്റെ വ്യാഖ്യാനങ്ങളും പഠിപ്പിക്കുകയും അതിന്റെ ദർശനങ്ങളെ കുറിച്ച്  എഴുതുകയും ചെയ്തിട്ടുണ്ട്. തലമുറകളായി പുരോഹിത കുടുംബത്തിലെ അംഗമായതിനാൽ യജുർവേദം സാധ്യായം ചെയ്യുന്ന ചുരുക്കം ചിലരിൽ ഒരാളായ അദ്ദേഹം വേദപാഠശാലയുടെ രക്ഷാധികാരിയുമാണ്.

മാനവികതയെ മുൻനിർത്തി സമൂഹത്തിന്റെ ഉന്നമനത്തിനായുള്ള പ്രവർത്തനത്തിന്റെ ആവശ്യവും പ്രാധാന്യവും വിശദീകരിക്കുക വഴിയും വൈദിക പൈതൃകം, എല്ലാവിധ മത സാംസ്കാരിക പൈതൃകം, ജീവിത മികവ്, ഭാരതീയ പാരമ്പര്യതിന്റെ മൂല്യങ്ങൾ  എന്നിവയെക്കുറിച്ചുള്ള മികച്ച പ്രഭാഷണങ്ങൾ വഴിയും അദ്ദേഹത്തിന്റെ പ്രശസ്തി ദൂരദേശങ്ങളിലേക്കും വ്യാപിക്കുവാൻ ഇടയായിട്ടുണ്ട്.  

സമൂഹത്തിലെ ഏത് തുറയിൽ പെട്ടവരും നല്ല നാളെക്കായി പഠിക്കേണ്ടതും മനസ്സിലാക്കേണ്ടതുമായ മേഖലകളെ കുറിച്ചുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആത്മീയ പ്രചാരണം, വേദങ്ങൾ, വിവിധ മത സാംസ്കാരിക പൈതൃകം, ധാർമിക മൂല്യങ്ങൾ എന്നിവയിൽ അദ്ദേഹത്തിന്റെ വിലയേറിയ സംഭാവനകൾ പ്രാദേശികമായും സംസ്ഥാനവ്യാപകമായും ദേശീയ അന്തർദേശീയമായും അംഗീകരിക്കപ്പെട്ടിട്ടുണ്ട്.  നമ്മുടെ വൈദിക പൈതൃകത്തിൽ അദ്ദേഹത്തിന്റെ ഈടുറ്റ സംഭാവനകൾ സമൂഹത്തിൽ അനേകം ആളുകളുടെ ജീവിതസംസ്കാരത്തിൽ  മാറ്റമുണ്ടാക്കിയിട്ടുണ്ട്. വേദങ്ങളിലും പുരാണങ്ങളിലും താൽപ്പര്യം വളർത്തിയെടുക്കുക മാത്രമല്ല, അറിവ് നൽകുന്നതിനും ശ്രദ്ധിച്ചിരുന്ന പ്രൊഫ. കെ. കെ. കൃഷ്ണൻ നമ്പൂതിരി, ധർമ്മം, സംസ്കാരം, എന്നിവയുടെ പ്രചരണത്തിൽ നിസ്വാർത്ഥമായ ജീവിത യാത്രയാണ്‌ നടത്തിക്കൊണ്ടിരിക്കുന്നത്.

ഹിന്ദു ധർമ്മം മാത്രമല്ല എല്ലാ ധർമ്മങ്ങളെ കുറിച്ചും എല്ലാ മതങ്ങളെക്കുറിച്ചും അഗാധമായ പാണ്ഡിത്യമുള്ള അദ്ദേഹം, ‘അറിവിന്റെ കാണാപ്പുറങ്ങൾ’  എന്ന  പുസ്തകത്തിലൂടെ എല്ലാ മതങ്ങളുടെയും അന്തസത്ത ഒട്ടും ചോരാതെ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ വിജയിച്ചിട്ടുണ്ട് എന്നു തന്നെ പറയാം.  അദ്ദേഹത്തിന്റെ ഗവേഷക പ്രാവിണ്യം എങ്ങനെയെല്ലാം വികസനമാകുന്നു എന്നത് ‘അറിവിന്റെ കാണാപ്പുറങ്ങൾ’ എന്ന പുസ്തകത്തിൽ ദൃശ്യമാണ്.

പൈതൃകവും  അറിവും ജ്ഞാനവും വരും തലമുറകൾക്ക് കൂടി പകർന്നു നൽകുന്ന അദ്ദേഹം അറിയപ്പെടുന്ന സമുദായ നേതാവും സാമൂഹ്യ പരിഷ്കർത്താവും ഗാന്ധിസത്തിന്റെ പ്രചാരകനുമാണ്.   വേദങ്ങളെക്കുറിച്ചുള്ള അഗാധമായ അറിവിന് പുറമേ ഭാരതീയ സംസ്‌കൃതിയുടെ വാഹകൻ കൂടിയാണ് അദ്ദേഹം. ഇത്തരത്തിൽ ആത്മീയ മേഖലയിലും സാമൂഹിക മേഖലയിലും സാഹിത്യ മേഖലയിലും ഔദ്യോഗിക മേഖലയിലും എല്ലാം ഒരേപോലെ നിറഞ്ഞു വിളങ്ങുന്ന അതുല്യനായൊരു അപൂർവ്വ വ്യക്തിത്വം ആണ് പ്രൊഫ. കെ. കെ കൃഷ്ണൻ നമ്പൂതിരി.

മനയത്താറ്റ്‌ ഇല്ലത്ത് തന്ത്രിമുഖ്യൻ ദിവാകരൻ നമ്പൂതിരിപ്പാടിന്റെയും ശ്രീദേവി അന്തർജ്ജനത്തിന്റെയും  പുത്രിയായ ലീലാദേവി ആണ് പത്നി. ഹരികൃഷ്ണൻ നമ്പൂതിരി, ശ്രീലത, മഞ്ജു എന്നിവർ മക്കളും മായ, വിഷ്ണു നമ്പൂതിരി, ബ്രഹ്മദത്തൻ നമ്പൂതിരി എന്നിവർ മരുമക്കളും ആണ്.

നവതി ആഘോഷിക്കുന്ന ഈ സുദിനത്തിൽ അദ്ദേഹത്തിന്റെ സ്നേഹസാമീപ്യത്തിനും അനുഗ്രഹത്തിനുമായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിദ്യാർഥികളും സഹപ്രവർത്തകരും  തൈക്കാട് നിവാസികളും ഉൾപ്പടെ നിരവധി പേർ  ജനുവരി 6 ശനിയാഴ്‌ച രാവിൽ ഭാരത ഭവനിൽ ഒത്തുകൂടുകയാണ്.

വിലാസം: കുടൽ മന, TSGRA-212, തൈക്കാട്, തിരുവനന്തപുരം -14

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com