തിരുവനന്തപുരം: സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി. സി മുൻ സെക്രട്ടറി പി.ടി.അജയമോഹൻ. കോൺഗ്രസ് പ്രസ്ഥാനത്തെ തകർക്കാനുള്ള ചട്ടുകമായി സുകുമാരൻ നായർ എൻ എസ് എസ് എന്ന മഹത് പ്രസ്ഥാനത്തെ തരം താഴ്ത്തരുതെന്ന് അദ്ദേഹം പറഞ്ഞു.
കേരള രാഷ്ട്രീയത്തിൽ ജനാധിപത്യ മതേതര മൂല്യങ്ങളുടെ അന്തസത്ത കാത്തു സൂക്ഷിച്ചു രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവരെ വ്യക്തിഹത്യ ചെയ്യാനുള്ള സുകുമാരൻ നായരുടെ ശ്രമം അങ്ങേയറ്റം അപലപനീയമാണ്. സാമൂഹ്യ പരിഷ്കർത്താവായിരുന്ന മന്നത്ത് പത്മനാഭൻ സ്ഥാപിച്ചു കിടങ്ങൂർ ഗോപാല കൃഷ്ണപിള്ളയും പി. കെ.നാരായണപ്പണിക്കരും നട്ടു വളർത്തിയ എൻ എസ് എസ് എന്ന പ്രസ്ഥാനത്തെ തന്റെ വ്യക്തി താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി പൊതുജന മധ്യത്തിൽ താറടിച്ചു കാണിക്കാനുള്ള ശ്രമങ്ങളാണ് സുകുമാരൻ നായർ നടത്തി കൊണ്ടിരിക്കുന്നത്.ഇദ്ദേഹം പരസ്യമായി കോൺഗ്രസിനെ പിന്തുണക്കുന്ന സന്ദർഭങ്ങളിൽ പാർട്ടി പരാജയപെടുന്നത് പതിവു കാഴ്ചയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും അതിനു മുൻപ് നടന്ന ഉപ തെരഞ്ഞെടുപ്പുകളിലും നാമിത് കണ്ടതാണ്.
മഹാരഥൻമാരായ മുൻകാല നേതാക്കൾ പാവപെട്ട സമുദായ അംഗങ്ങളിൽ നിന്നു പിടിയരി സംഭാവന വാങ്ങി പടുത്തുയർത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആസ്തികളുമല്ലാതെ പുതിയൊരു സ്ഥാപനം പോലും തുടങ്ങാൻ സുകുമാരൻ നായർക്ക് സാധിച്ചിട്ടില്ല. മുഴുവൻ നായൻമാരുടെയും ആട്ടിപ്പേറവകാശം പേറി വ്യക്തിപരമായ നേട്ടങ്ങൾ കൈക്കലാക്കാൻ മാത്രമാണ് അദ്ദേഹം താല്പര്യം കാണിച്ചിട്ടുള്ളത്. മഴയും വെയിലും കൊണ്ടു കനൽ പഥങ്ങൾ താണ്ടിയാണ് രമേശ് ചെന്നിത്തലയും വി. ഡി. സതീശനും കോൺഗ്രസ് നേതാക്കളായത്. അല്ലാതെ ഏതെങ്കിലും സമുദായ നേതാക്കളുടെ താരാട്ട് പാട്ടിന്റെ ഈണം കേട്ട് വളർന്നു വന്നവരല്ല ഇരുവരും. പാർലമെന്ററി രംഗത്തും സംഘടനരംഗത്തും പാർട്ടിയുടെ മുന്നണി പോരാളികളെ കണ്ടെത്താനുള്ള സുവ്യക്തമായ നടപടി ക്രമങ്ങളും പാരമ്പര്യവുമുള്ള പ്രസ്ഥാനമാണ് കോൺഗ്രസ്. പാർട്ടിയുടെ സംഘടനാ സംവിധാനങ്ങളെ ഒരു സമുദായ നേതൃത്വത്തിന്റെയും മുന്നിൽ അടിയറ വെച്ചു മാറി നിൽക്കാൻ തല്ക്കാലം സാധ്യമല്ലന്ന് ഓർമ്മപെടുത്തുന്നതിനൊപ്പം എൻ എസ് എസ് സംഘടനയെ തകർക്കാനുള്ള സുകുമാരൻ നായരുടെ ശ്രമങ്ങളെ സമുദായം ഒറ്റകെട്ടായി എതിർത്ത് തോൽപ്പിക്കണമെന്നും പി.ടി. അജയമോഹൻ പറഞ്ഞു.