ദില്ലി : പ്രധാനമന്ത്രിക്കും, കേന്ദ്രസര്‍ക്കാരിനുമെതിരെ വിദേശ പര്യടനത്തില്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച വിമര്‍ശനങ്ങളില്‍ പ്രക്ഷുബ്ധമായി ലോക്സഭയും രാജ്യസഭയും. രാഹുല്‍ രാജ്യത്തോടും, പാര്‍ലമെന്‍റിനോടും മാപ്പ് പറയണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. ജനാധിപത്യത്തെ പ്രധാനമന്ത്രി അട്ടിമറിക്കുന്നുവെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും രണ്ട് മണിവരെ നിര്‍ത്തി വെച്ചു.
രാഹുല്‍ ഗാന്ധിക്കെതിരായ നീക്കം കൂടുതല്‍ കടുപ്പിക്കുകയാണ് ബിജെപി. അദാനിയുമായി ചേര്‍ത്ത് പ്രധാനമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ലോക്സഭാംഗത്വം റദ്ദാക്കണമെന്ന ആവശ്യം അവകാശ സമിതിക്ക് മുന്‍പില്‍ ഉന്നയിച്ചതിന് പിന്നാലെ, രാഹുല്‍ ലണ്ടനില്‍ നടത്തിയ വിമര്‍ശനങ്ങളിലും നടപടി ആവശ്യപ്പെടുകയാണ്. ഇന്ത്യയില്‍ ജനാധിപത്യം തകര്‍ന്നെ രാഹുലിന്‍റെ പ്രസ്താവന ലോകത്തിന് മുന്‍പില്‍ രാജ്യത്തെ നാണം കെടുത്തിയെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് കുറ്റപ്പെടുത്തി. മൈക്ക് ഓഫ് ചെയ്യുന്നതിനാല്‍ പാര്‍ലമെന്‍റില്‍ സംസാരിക്കാനാകുന്നില്ലെന്ന പ്രസ്താവന സ്പീക്കറെ അപമാനിക്കുന്നതിന് തുല്യമാണ്. വിദേശസഹായം സ്വീകരിച്ച് രാജ്യത്തെ അപമാനിക്കുന്ന രാഹുലിനെതിരെ നടപടി വേണമെന്നും, രാഹുല്‍ മാപ്പ് പറയണമെന്നും ലോക്സഭയില്‍ സംസാരിച്ച പാര്‍ലമെന്‍ററി കാര്യമന്ത്രി പ്രഹ്ലാദ് മോദിയും ആവശ്യപ്പെട്ടു.
സമാനമായ സംഭവങ്ങളാണ് രാജ്യസഭയിലുമുണ്ടായത്. ഇന്ത്യന്‍ സേനയേയും, ജുഡീഷ്യറിയേയും തെരഞ്ഞെടുപ്പ് കമ്മീഷനേയും മാധ്യമങ്ങളിലും പ്രസംഗത്തില്‍ അപമാനിച്ച രാഹുല്‍ മാപ്പ് പറയണമെന്ന് മന്ത്രി പിയൂഷ് ഗോയല്‍ ആവശ്യപ്പട്ടു. രാജ്യത്ത് ജനാധിപത്യമില്ലെന്ന രാഹുലിന്‍റെ വിമര്‍ശനത്തില്‍ എന്താണ് തെറ്റെന്ന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ തിരിച്ചടിച്ചു.ലോക് സഭയിലും രാജ്യസഭയിലും ഭരണപക്ഷ നിലപാടിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രതിപക്ഷാംഗങ്ങള്‍ തുടര്‍ന്ന് പാര്‍ലമെന്‍റില്‍ നിന്ന് വിജയ് ചൗക്കിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തി.