ഡൽഹി: വയനാട് ലോക്‌സഭാ സീറ്റിൽ നിന്ന് രാഹുൽ ഗാന്ധി രാജിവെച്ചു. രാഹുലിന്റെ രാജിക്കാര്യം വ്യക്തമാക്കി ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കി. ഇന്നലെയാണ് വയനാട് മണ്ഡലത്തിലെ എംപി സ്ഥാനം രാജിവെക്കാനും റായ്ബറേലി നിലനിർത്താനും രാഹുൽ ഗാന്ധി തീരുമാനിച്ചത്. രാഹുൽ മണ്ഡലം ഒഴിയുന്ന പശ്ചാത്തലത്തിൽ വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്നും ഇന്നലെ പാർട്ടി പ്രഖ്യാപിച്ചിരുന്നു.
റായ്ബറേലിയിലും വയനാട്ടിലും മൂന്ന് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇരു മണ്ഡലങ്ങളില്‍ ഏത് നിലനിർത്തും ഏത് ഉപേക്ഷിക്കുമെന്ന ദിവസങ്ങൾ നീണ്ട ചോദ്യങ്ങൾക്കും അഭ്യൂഹങ്ങൾക്കുമൊടുവിലാണ് രാഹുൽ വയനാട് മണ്ഡലത്തിൽ നിന്ന് രാജിവെക്കുന്നതായി ഇന്നലെ പ്രഖ്യാപിച്ചത്. 2019ൽ അമേത്തിയിൽ നിന്നും വയനാട്ടിൽ നിന്നും മത്സരിച്ച രാഹുൽ അമേത്തിയിൽ പരാജയമറിയുകയും വയനാട്ടിൽ നിന്ന് നാല് ലക്ഷത്തിലേറെ ഭൂരിപക്ഷത്തിൽ വിജയിക്കുകയുമായിരുന്നു.