കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് എതിരെ സുശിൽ മോദി നല്കിയ കേസ് ഇന്ന് പട്നയിലെ ജനപ്രതിനിധികൾക്കായുള്ള കോടതി പരിഗണിക്കും. സിആർപിസി ചട്ടം 500 ഉപയോഗിച്ച് സുശീൽ മോദി നൽകിയ അപകീർത്തിപ്പെടുത്തൽ കേസാണ് കോടതിയിലേത്. പരാതിക്കാരനിൽ നിന്നുള്ള തെളിവ് ശേഖരണം കോടതി പൂർത്തിയാക്കി. തുടർന്ന് സിആർപിസി ചട്ടം 300 അനുസരിച്ച് രാഹുൽ ഗാന്ധിയോട് കോടതിയിൽ നേരിട്ട് ഹാജരായി അദ്ദേഹത്തിന്റെ ഭാഗം അവതരിപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ രാഹുൽ ഗാന്ധി ഇന്ന് കോടതിയിൽ ഹാജരാകില്ല എന്നാണ് വിവരം. പകരം അദ്ദേഹത്തിന്റെ അഭിഭാഷകനായ ചീമ ഇന്ന് കോടതിയിൽ ഹാജരാകും. ഇതുമായി ബന്ധപ്പെട്ട ഒരു കേസിൽ നേരത്തെ ശിക്ഷ വിധിയുണ്ടായി. അതിനാൽ, ഒരേ വിഷയത്തിൽ രണ്ടു ശിക്ഷ സാധ്യമല്ലെന്ന കാര്യം അഭിഭാഷകൻ കോടതിയിൽ അറിയിക്കും. എന്നാൽ, കേസിലെ പരാതിക്കാരൻ വ്യത്യസ്തനായതിനാൽ കേസുമായി മുന്നോട്ട് പോകണമെന്ന് ആയിരിക്കും മറുവാദം ഉണ്ടാകുക.
2019 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ‘കള്ളന്മാർക്കും മോദിയെന്ന കുടുംബ പേര് വന്നത് എങ്ങനെ’ എന്നതായിരുന്നു നീരവ് മോദിയെയും ലളിത് മോദിയെയും സൂചിപ്പിച്ച് രാഹുൽ ഗാന്ധി കോലാറിലെ പ്രസംഗത്തിൽ ചോദിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വെച്ചായിരുന്നു ഈ ചോദ്യം ഉന്നയിച്ചത്. സംഭവത്തിൽ എംഎൽഎയും ഗുജറാത്ത് മുൻ മന്ത്രിയുമായ പൂർണേഷ് മോദി നൽകിയ മാനനഷ്ടകേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരാണെന്ന് സൂററ്റ് ജില്ലാ കോടതി വിധിച്ചിരുന്നു. തുടർന്ന്, രാഹുൽ ഗാന്ധിക്ക് ലോക്സഭാ അംഗം എന്ന നിലയിൽ അയോഗ്യത കല്പിക്കപ്പെട്ടിരുന്നു.