തിരുവനന്തപുരം : സെക്രട്ടേറിയറ്റ് സമരത്തിലെ അക്രമത്തിന്റെ പേരിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ റിമാൻഡ് ചെയ്തതിനു പിന്നാലെ പ്രതിഷേധവുമായി പ്രവർത്തകർ. പൂജപ്പുര ജയിലിനു മുന്നില്‍ മുദ്രാവാക്യം വിളികളുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ചു. ജനറല്‍ ആശുപത്രിക്കു മുന്നിലും വഞ്ചിയൂര്‍ കോടതിക്കു മുന്നിലും പൊലീസ് വാഹനം തടഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് നാളെ യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് പ്രഖ്യാപിച്ചു.
ഇന്നു രാവിലെ വീട്ടിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത രാഹുൽ മാങ്കൂട്ടത്തിലിനെ, വഞ്ചിയൂര്‍ കോടതിയാണ് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. കേസിൽ നാലാം പ്രതിയാണ് രാഹുൽ മാങ്കൂട്ടത്തിൽ. മാത്രമല്ല, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഒന്നാം പ്രതിയായ കേസിൽ അറസ്റ്റിലാകുന്ന ആദ്യ പ്രമുഖ നേതാവുമാണ് രാഹുൽ. ജാമ്യമില്ലാക്കുറ്റം ചുമത്തിയ കേസിൽ 31 പേർ നേരത്തെ അറസ്റ്റിലായിരുന്നു.