പത്തനംതിട്ട: കനത്തമഴയില്‍ പള്ളി ഇടിഞ്ഞ് വീണു. പത്തനംതിട്ട തിരുവല്ലയില്‍ നിരണത്തുള്ള സിഎസ്‌ഐ പള്ളിയാണ് പൂര്‍ണമായും ഇടിഞ്ഞ് വീണത്. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം. നൂറ് വര്‍ഷത്തോളം പഴക്കമുള്ള പള്ളിയാണ് തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ തകര്‍ന്ന് വീണത്. പുലര്‍ച്ചെ ആളുകളാരും ഇല്ലാതിരുന്ന സമയത്താണ് സംഭവമെന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.
പമ്പാനദി കരകവിഞ്ഞ് ജനവാസ മേഖലകളിലേക്ക് വെള്ളം കയറുന്ന സ്ഥിതിയാണ് പ്രദേശത്തുള്ളത്. വീടുകളിലേക്കും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. പത്തനംതിട്ട കൊക്കാത്തോട് മരം കടപുഴകി വീണു. അള്ളുങ്കല്‍ മേഖലയിലാണ് റോഡിലേക്ക് മരം വീണത്. ഇതേതുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. വെണ്ണിക്കുളം- കോമളം റോഡില്‍ വെള്ളം കയറി. റാന്നി തിരുവല്ല റോഡില്‍ ഗതാഗതം തടസപ്പെട്ടു. മണിമലയാര്‍ കരകവിഞ്ഞതോടെ വീടുകളിലേക്കും വെള്ളം കയറി. ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.