കൊച്ചി : കടൽക്ഷോഭം രൂക്ഷമായ നായരമ്പലത്ത് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. മഴക്കെടുതിയിൽ വർഷങ്ങളായി പരിഹാരം ലഭിക്കാത്തതിനെ തുടർന്ന് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ആളുകൾ റോഡ് ഉപരോധിച്ചു. നായരമ്പലത്ത് കടൽഭിത്തി നിർമ്മിക്കണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാരുടെ പ്രതിഷേധം. തഹസിൽദാർ സ്ഥലത്തെത്തി സമരക്കാരെ അനുനയിപ്പിക്കാൻ ശ്രമം നടത്തി. ഞങ്ങൾ ജയിപ്പിച്ചുവിട്ട നേതാക്കൻമാരെവിടെ സാറേ? എംഎൽഎയുടെ അപ്പോയിമെന്റിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഇനി ആരോടാണ് ഞങ്ങൾ പരാതി പറയേണ്ടത്? പ്രതിഷേധക്കാർ ചോദിച്ചു.
ഒടുവിൽ കളക്ടർ സമരക്കാരുമായി ചർച്ച നടത്താൻ തയ്യാറായതോടെയാണ് ഒരു മണിക്കൂറോളം നീണ്ട ഉപരോധം അവസാനിച്ചത്. സമരക്കാരുമായി ചർച്ച നടത്താമെന്ന് എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് തഹസിൽദാരെ അറിയിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12.30 ന് കളക്ടർ സമരക്കാരുമായി ചർച്ച നടത്തും. 18 വർഷത്തോളമായി കടൽഭിത്തി വേണമെന്ന ആവശ്യം ഉന്നയിക്കുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ ഇന്നുവരെ കടൽക്ഷോഭത്തിലുണ്ടാകുന്ന നാശനഷ്ടം പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് പരിഹാരമുണ്ടായില്ലെന്നും ഇവർ ആരോപിക്കുന്നു.