കമ്പിക്ക് പകരം തടി ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത് വിവാദത്തിലായ റാന്നി വലിയപറമ്പടി, ബണ്ട് പാലം റോഡിന്റെ സംരക്ഷണ ഭിത്തി പുനർ നിർമ്മിക്കും. തദ്ദേശ വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനിയറുടെ നിർദേശ പ്രകാരമാണ് വീണ്ടും സംരക്ഷണ ഭിത്തി കെട്ടുന്നത്. റോഡ് നിർമ്മാണത്തിൽ നാട്ടുകാർ അശാസ്ത്രീയത ആരോപിച്ചതോടെ വിജിലൻസ് സ്ഥലത്ത് പരിശോധന നടത്തി.
കെട്ടി തീരും മുൻപ് തന്നെ പുനർ നിർമ്മാണത്തിനായി സംരക്ഷണ ഭിത്തി പൊളിച്ചുതുടങ്ങി. കോൺക്രീറ്റ് തൂണിന്റെ അശാസ്ത്രീയതെക്കെതിരെ നാട്ടുകാർ പ്രതിഷേധമുയർത്തിയിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് സംരക്ഷണ ഭിത്തിക്ക് വേണ്ടത്ര ബലം ഇല്ലെന്ന് കണ്ടെത്തിയത്. ഇതോടെയാണ് ബലപ്പെടുത്തി സംരക്ഷണ ഭിത്തി കെട്ടാൻ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനിയർ നിർദേശം നൽകി.
സംരക്ഷണ ഭിത്തി നിർമ്മാണത്തിന് ആണിക്കല്ലുകളായി ഉപയോഗിച്ച കോൺക്രീറ്റ് തൂണുകളിലാണ് തടി കണ്ടെത്തിയത്. പുനർ നിർമ്മാണത്തിൽ ഈ തൂണുകൾ ഉപയോഗിക്കാൻ പാടില്ലെന്നും കരാറുകാരന് നിർദേശം നൽകി. റീ ബിൽഡ് കേരളയുടെ എസ്റ്റിമേറ്റ് പ്രകാരം ആണിക്കല്ലുകളിൽ കമ്പികൾ ഉപയോഗിക്കേണ്ടതില്ല. തടി ഉപയോഗിച്ചത് എന്തിനാണെന്നും തദ്ദേശ വകുപ്പ് കരാറുകാരനോട് ചോദിച്ചിട്ടുണ്ട്.
തിരുവല്ലയിൽ നിന്ന് വിലയ്ക്ക് വാങ്ങിയ തൂണുകളെന്നാണ് കാരാറുകാരൻ നൽകിയ മറുപടി. ഉദ്യോഗസ്ഥ തല ഇടപെടലുണ്ടായതോടെ റോഡ് നിർമ്മാണം തടയാനുള്ള തീരുമാനം നാട്ടുകാർ പിൻവലിച്ചു. റോഡിന്റെ നിർമ്മാണം പൂർത്തിയാകാത്തതിനാൽ അന്തിമ റിപ്പോർട്ട് നൽകാൻ വിജിലൻസിനും കഴിയില്ല. പ്രാഥമിക പരിശോധനയുടെ ഭാഗമായി വിജിലൻസ് കാരറുരാരനിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ ശഖരിച്ചു.