രജിസ്റ്റർ ചെയ്യാത്ത റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റുകളിൽ രജിസ്റ്റേഡ് ഏജന്റുമാർ ഇടപെടരുതെന്ന് കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) ചെയർമാൻ ശ്രീ. പി.എച്ച്. കുര്യൻ. പ്ലോട്ടുകൾ തിരിച്ചു വിൽക്കുന്നത് ഉൾപ്പെടെ രജിസ്റ്റർ ചെയ്യാത്ത പ്രൊജക്റ്റുകളിൽ രജിസ്റ്റേഡ് ഏജന്റുമാർ ഇടപാടുകളിൽ ഏർപ്പെടുന്നത് നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്. കെ-റെറ എറണാകുളം ബി.ടി.എച്ച് ഭാരത് ഹോട്ടലിൽ സംഘടിപ്പിച്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ നിന്നുള്ള രജിസ്റ്റേഡ് റിയൽ എസ്റ്റേറ്റ് ഏജന്റുമാരുടെ യോഗത്തിലാണ് ചെയർമാൻ ഇക്കാര്യം നിർദേശിച്ചത്.
ഹൗസ് പ്ലോട്ടുകൾ വികസിപ്പിക്കുന്നതു മാത്രമല്ല വാണിജ്യ- വ്യവസായ ആവശ്യങ്ങൾക്കു വേണ്ടി പ്ലോട്ട് വികസിപ്പിക്കുന്നതും റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റ് ആണ്. അത്തരം രജിസ്‌ട്രേഷനുകൾ മറ്റു സംസ്ഥാനങ്ങളിൽ ധാരാളമാണ്. കേരളത്തിലും ഈ മേഖലയിൽ നിന്ന് കൂടുതൽ പ്രൊജക്റ്റ് രജിസ്‌ട്രേഷനുകൾ വരണം. റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റ് വാങ്ങുന്നവനും വിൽക്കുന്നവനും തമ്മിലുള്ള വിശ്വാസ്യത കുറഞ്ഞു നില്ക്കുന്ന ഒരു സാഹചര്യത്തിലാണ് റെറ നിയമം നടപ്പിൽ വരുന്നത്. ആ വിശ്വാസ്യതയിലെ വിടവ് നികത്താൻ കെ-റെറയ്ക്ക് സാധിച്ചിട്ടുണ്ട്. കെ-റെറ വെബ്‌സൈറ്റിൽ കയറി പ്രൊജക്റ്റിന്റെ നിജസ്ഥിതി പരിശോധിച്ചതിന് ശേഷം മാത്രമേ അവ വിൽക്കാനായി ഇടനില നിൽക്കാവൂ എന്നും ചെയർമാൻ ഏജന്റുമാരെ ഓർമിപ്പിച്ചു.
റെറ നിയമം ഉപയോഗിച്ചു കൊണ്ട് തങ്ങളുടെ ബിസിനസിൽ എങ്ങനെ മുന്നേറാം എന്ന് ചിന്തിക്കേണ്ടത് ഏജന്‌റുമാരുടെ ചുമതലയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ ഏജന്റുമാരുടെ സംശയങ്ങൾക്ക് ചെയർമാൻ മറുപടി നൽകി. യോഗത്തിൽ കെ.പി.ബി.ആർ-കെ.എം.ബി.ആർ നിയമങ്ങളെക്കുറിച്ച് കെ-റെറ ഡെപ്യൂട്ടി ഡയറക്ടർ പി.ജി. പ്രദീപ് കുമാർ സെമിനാർ അവതരിപ്പിച്ചു. ആറു ജില്ലകളിൽ നിന്നുമായി എൺപതിലധികം ഏജന്‌റുമാർ യോഗത്തിൽ പങ്കെടുത്തു. കെ-റെറ മെമ്പർ എം.പി. മാത്യൂസ്, ഐ.ടി. ഹെഡ് രാഹുൽ ചന്ദ്രൻ തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു.