തിരുവനന്തപുരം: മുഴപ്പിലങ്ങാട് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പതിനൊന്നു വയസുകാരൻ നിഹാൽ നൗഷാദ് ദാരുണമായി കൊല്ലപ്പെട്ടത് വേദനയുണ്ടാക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ‘‘പിണറായി സർക്കാർ മനുഷ്യ ജീവന് പുല്ല് വിലയാണ് നല്‍കുന്നത്. സ്വന്തക്കാരുടെയും ഇഷ്ടക്കാരുടെയും പോക്കറ്റ് നിറയ്ക്കുന്ന പദ്ധതികളിൽ മാത്രമാണ് സർക്കാരിന് താത്‌പര്യം.’’–രമേശ് ചെന്നിത്തല പരിഹസിച്ചു.
‘‘സർക്കാർ അനാസ്ഥയുടെ ഒടുവിലത്തെ രക്തസാക്ഷിയാണ് നിഹാൽ. കുട്ടിയുടെ മരണത്തിൽ സംസ്ഥാന സർക്കാരാണ് യഥാർത്ഥ പ്രതി. സംസ്ഥാനത്ത് തെരുവുനായ്‌ക്കളുടെ ആക്രമണങ്ങൾ സംബന്ധിച്ച് നിരവധി സംഭവങ്ങൾ പുറത്തു വന്നിട്ടും, നായ്‌ക്കളുടെ ആക്രമണങ്ങൾ തടയുന്നതിനായി സർക്കാർ ഒരടി മുന്നോട്ട് പോയിട്ടില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമായ ഫണ്ട് നൽകിയില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. സർക്കാർ, നിയമസഭയിലും പുറത്തും നൽകിയ ഉറപ്പുകളൊന്നും പാലിച്ചിട്ടില്ല. ഗുണനിലവാരമില്ലാത്ത വാക്‌സിൻ വിതരണം ചെയ്ത സംഭവത്തിൽ ഒരാൾക്കെതിരെ പോലും നടപടി എടുക്കാത്ത സർക്കാർ, പിഞ്ചു കുഞ്ഞുങ്ങളെ ഉൾപ്പടെ തെരുവുനായ്ക്കൾക്ക് എറിഞ്ഞു കൊടുക്കുകയാണ്’’–രമേശ് ചെന്നിത്തല പറഞ്ഞു