തിരുവന്തപുരം: റിപ്പബ്ളിക് ദിന പരേഡിൽ തന്റെ പ്രതിമയുമായി ദില്ലിയിലെ കർത്തവ്യപഥിലുള്ള കേരളത്തിന്റെ ഫ്ലോട്ട് കടന്നു പോകുമ്പോൾ അത് നേരിൽ കാണാൻ കഴിയാത്തതിന്റെ നിരാശയിലാണ് നാരീശക്തി പുരസ്കാര ജേതാവായ കാർത്യായനി അമ്മ. അംഗീകാരത്തിന്റെ കൊടുമുടികൾ കയറുമ്പഴും 101 വയസ്സു കഴിഞ്ഞ ഈ അമ്മക്കും കുടുംബത്തിനും ചില കാര്യങ്ങൾ പറയാനുണ്ട് ഭരണകർത്താക്കളോട്. പ്രായം സെഞ്ച്വറി പിന്നിട്ട് കുതിക്കുമ്പോഴും ചേപ്പാട് മുട്ടത്തെ കൊച്ചുവീട്ടിലിരുന്ന് എല്ലാം അറിയുന്നുണ്ട് ഈ മുത്തശ്ശി. രാജ്യതലസ്ഥാനത്ത് കേരള ഫ്ലോട്ടിന്റെ ചക്രമുരുളുമ്പോൾ അതിന് മുന്നിൽ തലയെടുപ്പോടെ കാർത്യായനി അമ്മയുണ്ട്. ഒപ്പം പാട്ടുപാടി വിസ്മയിപ്പിച്ച നഞ്ചിയമ്മയും.
90 വയസ്സിനപ്പുറം നേടിയ നേട്ടങ്ങൾ ഈ അമ്മക്ക് നൽകിയത് ഒട്ടേറെ ബഹുമതികൾ. രാജ്യത്തെ ഏറ്റവും മുതിർന്ന സാക്ഷരത പഠിതാവ്. അക്ഷരലക്ഷം പരീക്ഷയിലെ ഒന്നാം റാങ്കുകാരി. കഴിഞ്ഞ സെപ്റ്റംബറിൽ പക്ഷാഘാതം വന്ന് അരക്ക് താഴെ തളർന്നു. രണ്ടാമത്തെ മകൾ അമ്മിണിക്കൊപ്പമാണ് താമസം. പകൽ അമ്മിണി വീടുകളിൽ അടുക്കളപ്പണിക്ക് പോകുമ്പോൾ തനിച്ചാക്കി വീട് അടച്ചിട്ട് പോകേണ്ട അവസ്ഥയാണ്. ഉച്ചക്ക് തിരികെ എത്തിയാലേ ഒരു തുള്ളി വെള്ളമെങ്കിലും നൽകാനാകൂ.
പകൽ നോക്കാനാരുമില്ല. കതക് പൂട്ടിയിട്ടാണ് പോകുന്നത്. പോയിട്ട് വന്നാണ് ചേച്ചിക്ക് എല്ലാം കൊടുക്കുന്നത്. കാർത്യായനി അമ്മയുടെ സഹോദരി തങ്കമ്മ പറയുന്നു. കാർത്യായനിയെ അക്ഷരം പഠിപ്പിച്ച സാക്ഷരതാ പ്രേരക് സതിയും പഞ്ചായത്ത് പാലിയേറ്റീവ് കെയർ നഴ്സ് രശ്മിയും ഇടക്ക് കാണാനെത്തും. അമ്മക്ക് പത്ത് വരെ പഠിക്കണമെന്നാണ് ആഗ്രഹം. നാലാം ക്ലാസ് പാസ്സായി. ഏഴാം ക്ലാസ് പഠിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് സ്ട്രോക്ക് വരുന്നത്. കേരളത്തിന്റെ ഫ്ലോട്ടിൽ കാർത്യായനിയെ ഉൾപ്പെടുത്തിയത് സർക്കാരോ ജില്ലാ ഭരണകൂടമോ ഈ കുടുംബത്തെ അറിയിച്ചിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് അവർ ഇക്കാര്യം അറിയുന്നത്.