ന്യൂഡല്‍ഹി: ആലപ്പുഴയിലെ കാപികോ റിസോർട്ടിലെ എല്ലാ കെട്ടിടങ്ങളും ഉടൻ പൊളിക്കണമെന്ന് സുപ്രിം കോടതി.പൂർണമായും പൊളിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ കോടതി നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ചക്കകം ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. തീരദേശ പരിപാലന ചട്ടലംഘനം ചൂണ്ടിക്കാട്ടി പാണാവള്ളിയിലെ മത്സ്യത്തൊഴിലാളികൾ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് കെട്ടിടം പൊളിച്ചു കളയണമെന്ന് കോടതി ഉത്തരവിട്ടത്.
11 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന 54 റിസോർട്ടുകളാണ് പൊളിച്ചുനീക്കാനാണ് സുപ്രിം കോടതി നേരത്തെ ഉത്തരവിട്ടിരുന്നത്. 2020 ലായിരുന്നു ഇത്. എന്നാൽ പിന്നീട് കോവിഡ് മഹാമാരി കാരണം നടപടി നീണ്ടുപോവുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് സത്യവാങ്മൂലം നൽകിയത്.
എന്നാൽ ഇതിനോട് കടുത്ത നിലപാടാണ് സുപ്രിം കോടതി സ്വീകരിച്ചത്. ഇനി ഒരു കാരണവശാലും തിരദേശ പരിപാലന നിയമം ലംഘിച്ചുള്ള ഈ കെട്ടിടങ്ങൾ അനുവദിക്കാൻ തയ്യാറല്ല. അതിനാൽ എത്രയും പെട്ടെന്ന് പൊളിച്ചുനീക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയെ അടക്കം വിളിച്ചുവരുത്തേണ്ടിവരുമെന്ന കർശന നിർദേശമാണ് നൽകിയത്.