റിയാദ്: സൗദിയിൽ സെയിൽസ്, പർച്ചേസിംഗ് തുടങ്ങി വിവിധ മേഖലകളിലെ നിരവധി തൊഴിലുകളിൽ സ്വദേശിവത്കരണം ഏർപ്പെടുത്തുന്നു. ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി സൗദി മാനവ ശേഷി വികസന മന്ത്രാലയം അറിയിച്ചു. പ്രൊജക്ട് മാനേജ്‍മെന്റ് തൊഴിലുകൾ പർച്ചേസിംഗ്, സെയിൽസ്, കാർഗോ സർവീസ്, ലേഡീസ് ടൈലറിംഗ്, ഡക്കറേഷൻ വർക്കുകൾ തുടങ്ങിയ മേഖലകളെല്ലാം ഘട്ടംഘട്ടമായി ഭാഗികമായോ സമ്പൂർണമായോ സ്വദേശിവത്കരണം നടപ്പാക്കും.
മൂന്നോ അതിൽ കൂടുതലോ ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ 50 ശതമാനം പർച്ചെയ്സിംഗ് തൊഴിലുകളും അഞ്ചോ അതിൽ കൂടുതലോ ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ 15 ശതമാനം സെയിൽസ് ജോലികളും സ്വദേശിവത്കരിക്കും. പർച്ചേസ് മാനേജർ സെയിൽസ് എക്സ്ക്യൂട്ടിവ്, കോണ്ടാക്റ്റ് മാനേജർ, ട്രേഡ്മാർക്ക്, ടെണ്ടർ എക്സിക്യൂട്ടീവ്, കസ്റ്റമർ മാനേജർ, സെയിൽസ് മാനേജർ, ഫോട്ടോസ്റ്റാറ്റ് ഉപകരണങ്ങളുടെ സെയിൽസ്, മൊത്ത ചില്ലറ വിൽപന മാനേജർമാർ, സെയിൽസ് കോമേഴ്സൽ സ്‍പെഷ്യലിസ്റ്റുകൾ തുടങ്ങിയവയും സ്വദേശിവത്കരണത്തിന്റെ പരിധിയിൽ വരും.
സൗദി ട്രാൻസ്‍പോർട്ട് വകുപ്പുമായി സഹകരിച്ച് കാർഗോ മേഖലയിൽ 14 ഇനം തൊഴിലുകളിലേക്കാണ് സ്വദേശിവത്കരണം പ്രഖ്യാപിച്ചിട്ടുള്ളത്. ലേഡീസ് ടൈലറിംഗ്, ഡെക്കറേഷൻ മേഖലളിലെ മാനേജ്‍മെന്റ് തൊഴിലുകളെല്ലാം ജീവനക്കാരുടെ എണ്ണം പരിഗണിക്കാതെ തന്നെ പൂർണമായും സ്വദേശി വൽക്കരണമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പരസ്യം, മെഡിക്കൽ എക്യുപ്മെന്റ് മേഖലയിലെ സെയിൽസ് മേഖലയിൽ 80 ശതമാനം, ആർട്ട് ആന്റ് എൻജിനീയറിംഗിൽ 50 ശതമാനം സൗദിവത്കരണവും നടപ്പാക്കും.