റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ കൺസൾട്ടിങ് മേഖലയിലെ തൊഴിലുകളുടെ സ്വദേശിവത്കരണത്തിന് തുടക്കമായി. ഏപ്രിൽ ആറിന് ആദ്യഘട്ടമാണ് നടപ്പാക്കി തുടങ്ങിയിരിക്കുന്നതെന്ന് സൗദി അറേബ്യയിലെ മാനവ വിഭവശേഷി – സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. കൺസൾട്ടിങ് തൊഴിലുകളുടെ സ്വദേശിവത്കരണത്തിനായി അധികൃതര്‍ നിശ്ചയിച്ച സമയപരിധി അവസാനിച്ചതിനെ തുടർന്നാണിത്.
സൗദി സ്വദേശികളായ പുരുഷ-സ്ത്രീ പൗരന്മാർക്ക് നല്ലൊരു തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും സാമ്പത്തിക വ്യവസ്ഥയിൽ അവരുടെ സംഭാവന കൂട്ടുന്നതിനും ലക്ഷ്യമിട്ട് മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയാണിതെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം ട്വിറ്ററിൽ വ്യക്തമാക്കി.
ആദ്യ ഘട്ടത്തിൽ കൺസൾട്ടിങ് ജോലികൾ 35 ശതമാനം സ്വദേശിവത്കരിക്കും. കൺസൾട്ടിങ് മേഖലയിലെ കൺസൾട്ടൻറുമാരും സ്‍പെഷ്യലിസ്റ്റുകളും ഇതിലുൾപ്പെടും. ഈ തീരുമാനം പുരുഷന്മാർക്കും സ്ത്രീകൾക്കും കൂടുതൽ തൊഴിൽ അവസരങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുകയെന്നും മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു.