കൊച്ചി: വധഭീഷണി മുഴക്കിയെന്ന മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയില്‍ റോബിന്‍ ബസ് ഉടമ ഗിരീഷിനെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. പരിശോധനക്കിടയില്‍ ഭീഷണിപ്പെടുത്തിയെന്ന് രണ്ട് അസിസ്റ്റന്‍ഡ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരാണ് പരാതി നല്‍കിയത്. നാളെ മുതല്‍ ബസ് സര്‍വീസ് അടൂരിലേക്ക് നീട്ടുന്നതിന്‍റെ ഭാഗമായ കള്ളപ്പരാതിയെന്നാണ് ബസുടമയുടെ നിലപാട്.
സ്വാതിദേവ്, അരുണ്‍ എന്നീ രണ്ട് ഉദ്യോഗസ്ഥരാണ് റോബിന്‍ ബസ് ഉടമയ്ക്ക് എതിരെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. തുടര്‍ന്നാണ് ഗിരീഷിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. കഴിഞ്ഞ മാസം 26ന് വീണ്ടും സര്‍വീസ് തുടങ്ങിയ ശേഷം എല്ലാദിവസവു രാവിലെ പരിശോധനയുണ്ട്.. പരിശോധനയ്ക്ക് എത്തിയപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. വ്യാജ പരാതിയെന്ന് ബസ് ഉടമയും പറയുന്നു. കോടതിയലക്ഷ്യക്കേസില്‍ തോല്‍വി ഉറപ്പായതോടെയാണ് ഇത്തരം പരാതിയുമായി വന്നതെന്ന് ഗിരീഷ് പറയുന്നു. പരിശോധനയുടെ പേരില്‍ ബസില്‍ ബുക്ക് ചെയ്തവരുടെ ഫോണ്‍നമ്പര്‍ ശേഖരിച്ച് ദുരുപയോഗം ചെയ്യുന്നതായും ആരോപിക്കുന്നു.
നാളെ മുതല്‍ പുലര്‍ച്ചെ മൂന്നരയ്ക്ക് അടൂരില്‍ നിന്നാണ് റോബിന്‍ ബസ് സര്‍വീസ് തുടങ്ങുന്നത്. കെ.എസ്.ആര്‍ടിസിക്കും അരമണിക്കൂര്‍ മുന്‍പ് കോയമ്പത്തൂരിന് യാത്ര തുടങ്ങാനാണ് പദ്ധതി. ഇന്നു വരെ രാവിലെ അഞ്ചിന് പത്തനംതിട്ടയില്‍ നിന്നായിരുന്നു സര്‍വീസ്. ബസ് സര്‍വീസ് അടൂരിലേക്ക് നീട്ടിയതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് വീണ്ടും പോര് മുറുകിയത്.