തെഹ്റാൻ: രാജ്യത്തെ അർധ സൈനിക വിഭാഗമായ റെവല്യൂഷനറി ഗാർഡ് നിർമിച്ച റോക്കറ്റിൽ ബഹിരാകാശത്തേക്ക് ഉപഗ്രഹം വിക്ഷേപിച്ച് ഇറാൻ. ഇതു രണ്ടാം തവണയാണ് ഇറാൻ ഉപഗ്രഹ വിക്ഷേപണം നടത്തുന്നത്. വിക്ഷേപണം വിജയകരമായിരുന്നെന്ന് അവകാശപ്പെട്ട ഇറാൻ, ദൃശ്യങ്ങളോ മറ്റു രേഖകളോ പുറത്തുവിട്ടിട്ടില്ല. ജനുവരിയിൽ നടന്ന ആദ്യ വിക്ഷേപണത്തിന് ഉപയോഗിച്ച ഖായിം റോക്കറ്റിൽ തന്നെയായിരുന്നു 60 കിലോ ഭാരമുള്ള ചമ്രാൻ-1 ഉപഗ്രഹ വിക്ഷേപണം. 550 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിയ ഉപഗ്രഹത്തിൽനിന്ന് ആദ്യ സിഗ്നൽ ലഭിച്ചതായി ഇറാൻ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാന്റെ പുതിയ നീക്കത്തെക്കുറിച്ച് യു.എസ് ഭരണകൂടവും സൈന്യവും പ്രതികരിച്ചിട്ടില്ല.
ഗസ്സയിൽ ഇസ്രായേൽ ആക്രമണം രൂക്ഷമാവുകയും മേഖലയിൽ യുദ്ധഭീതി വർധിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. ഇറാന്റെ ഉപഗ്രഹ വിക്ഷേപണം ഐക്യരാഷ്ട്രസഭ രക്ഷാസമിതി പ്രമേയത്തിനെതിരാണെന്ന് യു.എസ് നേരത്തേ ആരോപിച്ചിരുന്നു. ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകൾ വികസിപ്പിക്കാൻ ശ്രമിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു.