ക്ഷേത്രവളപ്പുകളിൽ ആർഎസ്എസ് ശാഖകളെ വിലക്കിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ . നിയമാനുസൃതമായാണ് ശാഖകൾ പ്രവർത്തിക്കുന്നതെന്നും പിണറായി വിജയനല്ല ആര് വിചാരിച്ചാലും അതിന് ഒരു പോറൽ പോലും ഏൽപ്പിക്കാൻ കഴിയില്ലെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. നിരോധിക്കാൻ വന്നാൽ ഒന്നിച്ചിറങ്ങി കേരളത്തിൽ കൂടുതൽ ശാഖകൾ നടത്തുമെന്ന് സുരേന്ദ്രൻ വെല്ലുവിളിച്ചു.
തീവ്രവാദ സംഘടനകൾക്ക് ഊർജം പകരാനുള്ള രാഷ്ട്രീയ സ്റ്റണ്ടാണിതെന്നും ഒരു തരത്തിലും ഇത് നടപ്പിലാകാൻ പോകുന്നില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ‘നിയമ വിധേയമായി പ്രവർത്തിക്കുന്ന സംഘടനയാണ് ആർഎസ്എസ്. ആർഎസ്എസ് എവിടെയും നിരോധിതമായ ആയുധ പരിശീലനം നടത്തുന്നില്ല.
രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് പ്രവർത്തിക്കുന്ന സാംസ്‌കാരിക സംഘടനയാണ് ആർഎസ്എസ്’ – കെ.സുരേന്ദ്രൻ പറഞ്ഞു.
നാമജപ ഘോഷയാത്ര പോലും തടയും എന്ന് പറയുന്നത് അപകടമാണെന്നും ആർഎസ്എസ് ശാഖകൾ കൂടുതൽ ഊർജിതമായി സംസ്ഥാനത്ത് പ്രവർത്തിക്കുന്നതിന് മാത്രമെ ഇത് ഉപകരിക്കുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. നിരോധിക്കാൻ വന്നാൽ സംഘപരിവാർ ഒന്നിച്ചിറങ്ങി കേരളത്തിൽ കൂടുതൽ ശാഖകൾ നടത്തുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ‘ആർഎസ്എസ് ശാഖകളെ പല പ്രാവശ്യം നിരോധിക്കാൻ ശ്രമിച്ചവരെല്ലാം പരാജയപ്പെട്ടു. നെഹ്‌റുവും ഇന്ദിരാ ഗാന്ധിയുമെല്ലാം പരാജയപ്പെട്ടതാണ്. പിണറായി വിജയനും പരാജയപ്പെടും’- കെ.സുരേന്ദ്രൻ പറഞ്ഞു.
RSS ന് പിന്നാലെ പോകുന്നതിന് പകരം PFI ക്ക് പിന്നാലെ പോകാത്തത് എന്താണെന്ന് കെ.സുരേന്ദ്രൻ ചോദിക്കുന്നു. PFI നിരോധനത്തിന് ശേഷവും അവരുടെ ഭീകരവാദ സംഘടനകൾ പ്രവർത്തിച്ച് കൊണ്ടിരിക്കുകയാണെന്നും അവരെ പിടിക്കാനാണ് പിണറായി വിജയന്റെ പൊലീസ് പോകേണ്ടതെന്നും സരേന്ദ്രൻ ചൂണ്ടിക്കാട്ടി.