കൊച്ചി: ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പിൽ ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായെന്ന് ഹൈക്കോടതി. മേൽശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി പരിഗണിച്ചപ്പോഴാണ് കോടതിയുടെ പരാമർശം. എന്നാൽ ഒബ്സർവറുടെ സാന്നിധ്യത്തിലാണ് തെരഞ്ഞടുപ്പ് നടത്തിയതെന്നും തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നുവെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. ദേവസ്വം നിലപാടിനെ സർക്കാരും പിന്തുണച്ചു.
അനുമതിയില്ലാത്ത ആരെയും സോപാനത്തിലേക്ക് പ്രവേശിപ്പിക്കാൻ പാടില്ലെന്ന് പറഞ്ഞ കോടതി, മേൽശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി നാളെ വിധി പറയാൻ മാറ്റി. തിരുവനന്തപുരം സ്വദേശി മദുസൂധനൻ നമ്പൂതിരിയാണ് ശബരിമല തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്. നറുക്കെടുപ്പിന് തയ്യാറാക്കിയ പേപ്പറുകളിൽ രണ്ടെണ്ണം മടക്കിയും മറ്റുള്ളവ ചുരുട്ടിയുമാണിട്ടതെന്നാണ് പ്രധാന ആരോപണം.
മേൽശാന്തി തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയിൽ ഹർജി. കഴിഞ്ഞ ഒക്ടോബർ എട്ടിനാണ് ശബരിമല മേൽശാന്തിയായി പി. എൻ. മഹേഷ് നെയും മാളികപ്പുറം മേൽശാന്തിയായി പി.ജി മുരളിയെയും നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പിൽ വിജയിച്ച ആളുടെ പേര് അടങ്ങിയ പേപ്പർ മാത്രം മടക്കിയും ബാക്കി ചുരുട്ടിയുമാണ് ഇട്ടതെന്നാണ് എന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.