തൃശ്ശൂർ: തൃശ്ശൂരിലെ നഴ്സുമാരുടെ സമരം വിജയിച്ചു. ഇടഞ്ഞ് നിന്ന എലൈറ്റ് ആശുപത്രിയും ശമ്പള വർധനവിന് സമ്മതിച്ചതോടെയാണ് സമരം വിജയിച്ചത്. ആകെയുള്ള 30 ആശുപത്രികളിൽ 29 മാനേജ്മെന്റുകളും ഇന്നലെ തന്നെ വേതനം വർധിപ്പിച്ചിരുന്നു. എലൈറ്റ് ആശുപത്രി മാത്രമാണ് ഇന്നലെ വേതനം വർധിപ്പിക്കാതിരുന്നത്. ഇതോടെ സമരം രണ്ടാം ദിവസത്തിലേക്ക് നീണ്ടു. രാവിലെ 11 മണിക്ക് നടന്ന സമരത്തിൽ ഇവിടെയും വേതനം വർധിപ്പിക്കാൻ ധാരണയായി. ഇതോടെ നഴ്സുമാരുടെ സംഘടനയായ യുഎൻഎയുടെ നേതൃത്വത്തിൽ തൃശ്ശൂരിൽ ആഹ്ലാദ പ്രകടനം നടത്തി.
ശമ്പള വർധന ആവശ്യപ്പെട്ട് തൃശൂരിലെ സ്വകാര്യ ആശുപത്രി നഴ്സുമാർ നടത്തുന്ന സമരം രണ്ടാം ദിവസമാണ് പൂർണ വിജയത്തിലെത്തിയത്. 1500 രൂപയായി പ്രതിദിന വേതനം വർധിപ്പിക്കുക, 50% ഇടക്കാലാശ്വാസം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യുഎൻഎ 72 മണിക്കൂർ സമരം പ്രഖ്യാപിച്ചത്. ആദ്യദിവസം തന്നെ 29 ആശുപത്രികളും ആവശ്യങ്ങളംഗീകരിച്ചത് യുഎൻഎയുടെ വിജയമായി. ജില്ലയിലെ 30 സ്വകാര്യ ആശുപത്രികളില്‍ എട്ട് മാനെജ്മെന്‍റുകള്‍ സമരം തുടങ്ങുന്നതിന് മണിക്കൂറുകൾ മുൻപ് തന്നെ ആവശ്യം അംഗീകരിച്ച് രംഗത്ത് വന്നിരുന്നു. ഇടത്തരം ആശുപത്രികളാണ് പിന്നെയും എതിർത്തത്. ഇന്നലെ ഇവരും അവശേഷിച്ച എലൈറ്റ് ആശുപത്രി ഇന്നും വേതനവർധനവിന് തയ്യാറായി.