ന്യൂഡൽഹി: ചൈന ഇന്ത്യയുടെ ശത്രുവല്ലെന്നും ചൈനയോടുള്ള അത്തരത്തിലുള്ള മനോഭാവം ഇന്ത്യ മാറ്റേണ്ടതുണ്ടെന്നും മുതിർന്ന കോൺഗ്രസ് നേതാവും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാനുമായ സാം പിത്രോദ. പരാമർശം വിവാദമായതോടെ പിത്രോദയെ തള്ളി കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നു. ചൈനയെ സബന്ധിച്ച് പിത്രോദ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും കോൺഗ്രസ് പാർട്ടിക്ക് ഈ അഭിപ്രായവുമായി യാതൊരു ബന്ധവുമില്ലെന്നും പാർട്ടി വക്താവ് ജയ്റാം രമേഷ് വ്യക്തമാക്കി.
ഒരു വാർത്താ ഏജൻസിയുടെ ചോദ്യത്തിന് പിത്രോദ നൽകിയ മറുപടിയാണ് വിവാദത്തിലേക്ക് വഴിവെച്ചത്. ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ഭീഷണികൾ നേരിടാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോ സാധിക്കുമോ എന്ന ചോദ്യത്തിന് ചൈനയുടെ ഭാഗത്തുനിന്നും എന്തെങ്കിലും തരത്തിലുള്ള ഭീഷണികൾ ഉണ്ടാകുന്നതായി തോന്നുന്നില്ലെന്നായിരുന്നു പിത്രോദയുടെ മറുപടി. പ്രശ്നം നമ്മുടെ കാഴ്ചപ്പാടിന്റേതാണെന്നും ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ചൈനയോടുള്ള ശത്രുതാ മനോഭാവം അനാവശ്യമായി കൊണ്ടുനടക്കുന്നതാണെന്നും പിത്രോദ പറഞ്ഞു.
ചൈനയുടെ ഭാഗത്തുനിന്നുള്ള ഭീഷണി എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. കാലക്രമേണ ഉണ്ടായിവന്ന ഒരു ചിന്താഗതിയാണ് ഇതിന് ആധാരം. ആദ്യംമുതൽ തന്നെ ചൈനയെ ശത്രുവായി കാണാനുള്ള മനോഭാവമാണ് നമുക്ക് ഉണ്ടായിട്ടുള്ളത്. ആ മനോഭാവം രാജ്യത്തെ വലിയൊരു ശതമാനം ജനങ്ങളെയും സ്വാധീനിച്ചിട്ടുമുണ്ട്. നമ്മൾ എപ്പോഴും ഒരു ഏറ്റുമുട്ടലിന് തയ്യാറായ പോലെയാണ് നിൽക്കുന്നത്. അതുതന്നെയാണ് ശത്രുതാ മനോഭാവത്തിന്റെ പ്രധാന കാരണവും. നമ്മുടെ ആ മനോഭാവമാണ് മാറേണ്ടത്. ചൈനയോട് മാത്രമല്ല, മറ്റേതൊരു രാജ്യത്തോടാണെങ്കിലും ഇത്തരത്തിലുള്ള ഒരു സമീപനം ശരിയല്ല, പിത്രോദ പറഞ്ഞു.
പരാമർശം വിവാദമായതോടെ പിത്രോദയെ തള്ളി മുതർന്ന കോൺഗ്രസ് നേതാക്കൾ തന്നെ രംഗത്തുവന്നു. ‘ചൈനയുമായി ബന്ധപ്പെട്ട് സാം പിത്രോദ നടത്തിയ പരാമർശങ്ങൾക്ക് കോൺഗ്രസ് പാർട്ടിയുടെ കാഴ്ചപ്പാടുമായി ബന്ധമില്ല. സുരക്ഷാപരമായും വിദേശനയപരമായും സാമ്പത്തികമായുമൊക്കെ ഇന്ത്യയ്ക്ക് എല്ലായിപ്പോഴും വെല്ലുവിളി ഉയർത്തുന്ന രാജ്യമാണ് ചൈന’, ജയ്റാം രമേശ് തന്റെ എക്സ് പേജിൽ കുറിച്ചു.