തിരുവനന്തപുരം: മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ പരാമർശവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമസഭ സമ്മേളനത്തിന് ശേഷം വാർത്താ സമ്മേളനത്തിലാണ് വി ഡി സതീശൻ റിയാസിനെതിരെ രംഗത്തെത്തിയത്. സ്പീക്കറെ പരിഹാസ പാത്രമാക്കാനുള്ള കുടുംബ അജണ്ടയുടെ ഭാഗമായിട്ടാണ് നിയമസഭയിൽ കാര്യങ്ങൾ നടക്കുന്നത്. മരുമകൻ എത്രത്തോളം പി ആർ വർക്ക് നടത്തിയിട്ടും സ്പീക്കറോടൊപ്പം എത്തുന്നില്ല എന്ന ആധിയാണ് പിന്നിൽ. സ്പീക്കറെ പരിഹാസപാത്രമാക്കി മാറ്റി പ്രതിപക്ഷത്തിന്റെ ശത്രുവാക്കാനാണ് ശ്രമം.
നിയമസഭാ നടപടികളെ അട്ടിമറിക്കാൻ വേണ്ടി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ അജണ്ടയാണ് സഭയിൽ നടക്കുന്നത്. ഒരു പേപ്പർ മേശപ്പുറത്ത് വെക്കാൻ സ്പീക്കർ വിളിച്ചപ്പോൾ അതിന് പകരം, പ്രതിപക്ഷത്തിന്റെ നട്ടെല്ല് വാഴപ്പിണ്ടിയാണെന്ന് പറഞ്ഞ് അധിക്ഷേപിക്കാൻ എന്ത് അധികാരമാണ് പൊതുമരാമത്ത് മന്ത്രി റിയാസിനുള്ളത്. മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രിയായ ഒരാൾക്ക് പ്രതിപക്ഷത്തെ അധിക്ഷേപിക്കാൻ എന്താണധികാരം.
മനപ്പൂർവം പ്രകോപിപ്പിക്കാനാണ് ഇത് ചെയ്യുന്നത്. ചെങ്കോട്ടുകോണത്ത് പെൺകുട്ടി ആക്രമിക്കപ്പെട്ട സംഭവം ചർച്ച ചെയ്യാനാണ് പ്രതിപക്ഷം ശ്രമിച്ചത്. മുഖ്യമന്ത്രി മറുപടി പറയേണ്ട വിഷയങ്ങളില്‍ നിസാരമായ കാരണങ്ങൾ പറഞ്ഞ് പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.