കൊച്ചി: ഗുജറാത്തിലെ ബിജെപി നേതാവ് നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയ നടപടിയെ അപലപിച്ച് കോൺഗ്രസ് എംപി ശശി തരൂർ. മോദി എന്ന കുടുംബപ്പേരുള്ളവരെല്ലാം കള്ളന്മാരാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞിട്ടില്ലെന്നും നീരവ് മോദിയും ലളിത് മോദിയും പിന്നാക്കക്കാരല്ലെന്നും ശശി തരൂർ എൻഡിടിവിയോട് പറഞ്ഞു.
നീരവ് മോദിയും ലളിത് മോദിയും പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണെന്ന് ആർക്കും സങ്കൽപ്പിക്കാൻ കഴിയില്ല. 2019 ൽ നടത്തിയ പ്രസംഗത്തിൽ ഒബിസി സമൂഹത്തെയാകെ അപമാനിച്ചുവെന്നായിരുന്നു രാഹുലിനെതിരെയുള്ള ആരോപണം. ഇത് സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്നതാണ്. 3 വ്യക്തികൾക്ക് നേരെയാണ് രാഹുൽ വിരൽ ചൂണ്ടിയതെന്നും ഒളിവിൽ പോയ നീരവ് മോദിയും ലളിത് മോദിയും വിദേശത്ത് ആഡംബര ജീവിതമാണ് നയിക്കുന്നതെന്നും ശശി തരൂർ എൻഡിടിവിയോട് പറഞ്ഞു.
‘ഇൻ സബ്‌കെ നാമം'(ഈ മൂന്ന് പേരുടെ പേര്) എന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. എല്ലാ മോദിമാരും കള്ളന്മാരാണെന്ന് ഇത് അർത്ഥമാക്കുന്നില്ല. രാഹുൽ ഗാന്ധിയുടെ രണ്ട് വർഷത്തെ ജയിൽ ശിക്ഷയുടെ വെള്ളിവെളിച്ചം അഭൂതപൂർവമായ പ്രതിപക്ഷ ഐക്യത്തിന് കാരണമായെന്ന് തരൂർ പറഞ്ഞു. “ഉദാഹരണത്തിന്, പ്രാദേശിക പ്രതിപക്ഷ പാർട്ടികൾ, എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസിനെ മുഖ്യ എതിരാളിയായി പരിഗണിക്കുന്നത് നാം കണ്ടു. ഡൽഹിയിൽ കെജ്‌രിവാളും ബംഗാളിൽ മമതാ ബാനർജിയും ഹൈദരാബാദിൽ കെ ചന്ദ്രശേഖർ റാവുവും മുൻകാലങ്ങളിൽ കോൺഗ്രസുമായി ഒരുതരത്തിലും കൂട്ടുകൂടാൻ തയ്യാറായിരുന്നില്ല. എന്നാൽ അവർ പോലും കോൺഗ്രസിനെ പിന്തുണയ്ക്കാൻ തുടങ്ങി”-തരൂർ പറഞ്ഞു.