തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനം ഏറണാകുളത്തേക്ക് മാറ്റണമെന്ന നിർദ്ദേശമുന്നയിച്ച കോൺഗ്രസ് എം പി ഹൈബി ഈഡനെ തള്ളി ശശി തരൂർ. ഹൈബിയുടേത് വ്യക്തിപരമായ ആവശ്യം മാത്രമാണെന്നാണ് ഒരു സ്വകാര്യ വാർത്താചാനലിനോട് സംസാരിക്കെ തരൂർ പറഞ്ഞത്. വിഷയത്തിൽ ഹൈബി കാട്ടിയത് രാഷ്ട്രീയ ബുദ്ധിയല്ലെന്നും സ്വകാര്യബില്ലിൽ കേന്ദ്രം സംസ്ഥാനത്തിന്റെ നിലപാട് തേടിയതിന് പിന്നിൽ രാഷ്ട്രീയ കൗശലമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘സ്വകാര്യ ബിൽ ഏതൊരംഗത്തിനും അവതിരിപ്പിക്കാം. എന്നാൽ കോൺഗ്രസിൽ അങ്ങനെയൊരു ചർച്ച ഉണ്ടായിട്ടില്ല. നേരത്തേ ഹൈക്കോടതി ബഞ്ച് തിരുവനന്തപുരത്ത് വേണമെന്ന് സ്വകാര്യ ബിൽ ഞാൻ അവതരിപ്പിച്ചപ്പോൾ അക്കാര്യത്തിൽ കേന്ദ്രം സംസ്ഥാനത്തിന്റെ നിലപാട് തേടിയില്ല. പക്ഷേ, ഹൈബി ഈഡന്റെ സ്വകാര്യ ബില്ലിൽ കേന്ദ്രം നിലപാട് തേടി. ഇതിൽ കൗശലമുണ്ട്.തലസ്ഥാനം ഒരിക്കലും നടുക്കാകണമെന്നില്ല. ഹൈബിയുടെ ലോജിക്കിലാണെങ്കിൽ രാജ്യ തലസ്ഥാനം ന്യൂഡൽഹിയിൽ ആവാതെ നാഗ്പൂരിലാണ് വരേണ്ടത്. ചരിത്രം ഉൾപ്പടെ പല കാര്യങ്ങളും കണക്കിലെടുത്താണ് ഒരു സ്ഥലം തലസ്ഥാനമാകുന്നത്’- തരൂർ പറഞ്ഞു.
കേന്ദ്രം അയച്ച കത്തിനുള്ള മറുപടിയിൽ, ഹൈബി ഈഡൻ അവതരിപ്പിച്ച സ്വകാര്യബില്ലിനോട് യോജിപ്പില്ലെന്ന് സംസ്ഥാനം വ്യക്തമാക്കിയിട്ടുണ്ട്. ഹൈബി ഈഡന്റെ ബിൽ കോൺഗ്രസിന്റെ രാഷ്ട്രീയ തീരുമാനമാണെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ.തിരഞ്ഞെടുപ്പിൽ ഉൾപ്പടെ തെക്കൻമേഖലയിൽ ഇത് പ്രചരണായുധമാക്കിയേക്കും. തെക്കൻജില്ലകളിലെ സീറ്റുകൾ നിർണായകമായതിനാൽ ബിൽ കോൺഗ്രസിന് വില്ലനാകുമോയെന്ന ശങ്കയുണ്ട്.