Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനൈട്രജനിൽ മുക്കിയ മിഠായി കഴിക്കുന്ന സോഷ്യൽ മീഡിയ ചലഞ്ച് ഏറ്റെടുത്ത കുട്ടികളുടെ ജീവൻ അപകടത്തിൽ ;...

നൈട്രജനിൽ മുക്കിയ മിഠായി കഴിക്കുന്ന സോഷ്യൽ മീഡിയ ചലഞ്ച് ഏറ്റെടുത്ത കുട്ടികളുടെ ജീവൻ അപകടത്തിൽ ; കുട്ടികളുടെ സോഷ്യൽ മീഡിയ ഉപഭോഗം അപകടകരമായ അവസ്ഥയിൽ എന്ന് റിപ്പോർട്ട്

സോഷ്യല്‍ മീഡിയ ട്രെന്‍ഡുകളും ചലഞ്ചുകളും ചിലപ്പോഴൊക്കെ വരുത്തി വയ്ക്കുന്നത് വന്‍ ദുരന്തങ്ങളാണ്. ഇത്തരത്തിലുള്ള ചലഞ്ചുകളില്‍ പെട്ട് സ്വന്തം ജീവന്‍ അപകടത്തില്‍ ആക്കരുത് എന്ന് നിരവധി തവണ മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും ലഭിച്ചിട്ടും ഇപ്പോഴും അത് തുടരുന്ന പലരുമുണ്ട്. അപകടകരമായ രീതിയില്‍ ദുരന്തം വരുത്തി വയ്ക്കുന്ന പുതിയൊരു സോഷ്യല്‍ മീഡിയ ട്രെന്‍ഡിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ പുറത്തുവരുന്നത് ഇന്തോനേഷ്യയില്‍ നിന്നാണ്. ഡ്രാഗണ്‍ ബ്രീത്ത് ചലഞ്ച് എന്നപേരില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്ന ഈ ചലഞ്ച് ഏറ്റെടുത്ത് നടത്തിയ 25 കുട്ടികള്‍ അതീവ ഗുരുതരാവസ്ഥയില്‍ ആയിരിക്കുകയാണെന്നാണ് സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ ഇത്തരത്തില്‍ നൈട്രജനില്‍ മുക്കിയ മിഠായികള്‍ കഴിച്ച 25 ഓളം കുട്ടികള്‍ക്ക് ശരീരത്തിലും ആന്തരിക അവയവങ്ങള്‍ക്കും പൊള്ളലേറ്റതായും കഠിനമായ ചര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന്  ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ആണ് ഇന്തോനേഷ്യയിലെ ആരോഗ്യ വിഭാഗം പുറത്തുവിടുന്ന റിപ്പോര്‍ട്ട് . അതുകൊണ്ടുതന്നെ ഈ പ്രവണത ഇനിയും കുട്ടികള്‍ അനുകരിക്കാതിരിക്കുന്നതിന് അധ്യാപകരും മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യ വിഭാഗം അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഭക്ഷണം തയ്യാറാക്കുന്നതില്‍ ദ്രാവകരൂപത്തിലുള്ള നൈട്രജന്‍ ഉപയോഗിക്കുന്നത് പൊതുവില്‍ നിയമവിരുദ്ധമല്ല.  ആഡംബരം ഹോട്ടലുകളിലും മറ്റും ഭക്ഷണം വിളമ്പുമ്പോള്‍ നാടകീയത നല്‍കാന്‍ ഷെഫുകള്‍ പലപ്പോഴും ഇത് ഉപയോഗിക്കാറുണ്ട്. കൂടാതെ ഭക്ഷണം മരവിപ്പിക്കുന്നതിനുള്ള ഒരു ഘടകമായും മെഡിക്കല്‍ സംബന്ധമായ ആവശ്യങ്ങള്‍ക്കും ദ്രാവകരൂപത്തിലുള്ള നൈട്രജന്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇതിന്റെ ഉപയോഗം അശാസ്ത്രീയമായ രീതിയില്‍ നടത്തുമ്പോഴാണ് അപകടകരമായി തീരുന്നത്.

2022 ജൂലൈ 22-നാണ് ഇതുമായി ബന്ധപ്പെട്ട ആദ്യ കേസ് ഇന്തോനേഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നീട് തുടരെത്തുടരെ നിരവധി കുട്ടികള്‍ക്ക്, ഈ ചലഞ്ച് ഏറ്റെടുത്ത് നടത്തിയതിനെ തുടര്‍ന്ന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടു. ഈ ചലഞ്ച് വ്യാപകമായ രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആയതിനെ തുടര്‍ന്നാണ് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. 

കഴുത്തില്‍ സ്വയം കുരുക്കു മുറുക്കി ശ്വാസംമുട്ടിക്കുന്ന മറ്റൊരു സോഷ്യല്‍ മീഡിയ ചലഞ്ച് അനുകരിക്കുന്നതിനിടയില്‍ കഴിഞ്ഞദിവസം അര്‍ജന്റീനയില്‍ 12 വയസ്സുകാരിയായ ഒരു പെണ്‍കുട്ടി മരിച്ചിരുന്നു. കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപഭോഗം അപകടകരമായ അവസ്ഥയിലേക്ക് പോകുന്നു എന്നതിന് തെളിവുകളാണ് ഇവയെല്ലാം .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments