അഹമ്മദാബാദ്∙ മഴ കാരണം തടസ്സപ്പെട്ട ബാറ്റിങ് രണ്ട് മണിക്കൂറിനും 20 മിനിറ്റിനും ശേഷം തുടങ്ങി ചെന്നൈ സൂപ്പർ കിങ്സ്. മഴ നിയമപ്രകാരം 15 ഓവറിൽ 171 റണ്‍സാണ് ചെന്നൈയുടെ വിജയലക്ഷ്യം. നാല് ഓവർ പവർപ്ലേ. ഓരോ ബോളർമാർക്കും മൂന്ന് ഓവറുകൾ വീതം എറിയാം. ചെന്നൈ ബാറ്റിങ്ങിന്റെ തുടക്കത്തിൽ തന്നെ മഴയെത്തിയതോടെയാണ് ഫൈനൽ തടസ്സപ്പെട്ടത്. രാത്രി 10.30 ഓടെയാണ് മഴ നിന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 214 റൺസ്. ചെന്നൈ സൂപ്പർ കിങ്സിന് 215 റണ്‍സ് വിജയലക്ഷ്യം. സെഞ്ചറി നഷ്ടമായ തമിഴ്നാടിന്റെ യുവതാരം സായ് സുദർശനാണ് ഗുജറാത്തിനായി തിളങ്ങിയത്. 47 പന്തുകൾ നേരിട്ട സായ് സുദർശൻ 96 റൺസെടുത്തു. 39 പന്തിൽ 54 റൺസെടുത്ത് പുറത്തായ ഓപ്പണർ വൃദ്ധിമാൻ സാഹയും ഗുജറാത്തിനായി അർധസെഞ്ചറി നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് ആദ്യ വിക്കറ്റ് നഷ്ടമായത് ഏഴാം ഓവറിലായിരുന്നു. പവർപ്ലേയിലെ (ആറ് ഓവർ) പവർഫുൾ ഗെയിമിനു ശേഷം ഗുജറാത്തിന് നഷ്ടമായത് ഓപ്പണർ ശുഭ്മൻ ഗില്ലിനെ. ആദ്യ ഓവറിൽ ഗുജറാത്തിന് നേടാന്‍ സാധിച്ചത് നാല് റൺസ് മാത്രമായിരുന്നു. ഗുജറാത്ത് ബൗണ്ടറികൾ കണ്ടെത്തിയതോടെ സ്കോർ ഉയർന്നു. ബാറ്റിങ് പവർ പ്ലേയിൽ അവർ നേടിയത് 62 റൺസ്. മികച്ച തുടക്കം മുതലാക്കാമെന്ന ടൈറ്റൻസിന്റെ മോഹം ചെന്നൈ ക്യാപ്റ്റൻ ധോണിയും ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയും ചേർന്നു തകർത്തു. ജഡേജയുടെ പന്ത് നേരിടാൻ ഗില്ലിന് സാധിക്കാതെ പോയതോടെ ധോണി സ്റ്റംപ് ചെയ്തു. സാഹയും സായ് സുദർശനും തകർത്തടിച്ചതോടെ 11.1 ഓവറിൽ ഗുജറാത്ത് 100 കടന്നു. സ്കോർ 131 ൽ നിൽക്കെ ധോണി ക്യാച്ചെടുത്ത് സാഹ മടങ്ങി.
മൂന്നാമനായിറങ്ങിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പിന്തുണയേകി നിലയുറപ്പിച്ചപ്പോൾ വെടിക്കെട്ടിന്റെ ഉത്തരവാദിത്തം സായ് സുദർശന്‍ ഏറ്റെടുത്തു. 15.4 (94 പന്ത്) ഓവറില്‍ ടൈറ്റൻസ് 150 പിന്നിട്ടു. സെഞ്ചറിയിലേക്കു കുതിച്ച സായ് സുദർശന് മതീഷ പതിരാന എറിഞ്ഞ 20 ഓവറിലാണ് അടിപിഴിച്ചത്. ആറ് സിക്സും എട്ട് ഫോറുകളും പറത്തിയ സുദർശൻ ബാറ്റിങ് തീരാൻ മൂന്ന് പന്തുകൾ മാത്രം ബാക്കി നിൽക്കെ എല്‍ബി ആയി. ക്യാപ്റ്റൻ ഹാർദിക് ഡിആര്‍എസിനു പോയെങ്കിലും ഫലം കണ്ടില്ല. 12 പന്തിൽ 21 റൺസെടുത്ത് ഹാർദിക് പാണ്ഡ്യ പുറത്താകാതെ നിന്നു. റാഷിദ് ഖാന് റണ്ണൊന്നും നേടാൻ സാധിച്ചില്ല.
ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്സ് നായകൻ എം.എസ്.ധോണി ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്വാളിഫയറിൽ കളിച്ച അതേ ഇലവനുമായാണ് ഇരു ടീമുകളും ഫൈനൽ പോരാട്ടത്തിന് ഇറങ്ങുന്നത്. തിങ്കളാഴ്ച വൈകിട്ട് അഹമ്മദാബാദിൽ അഞ്ച് ശതമാനം മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം. ധോണിയുടെ 250–ാം ഐപിഎൽ മത്സരമാണ് ഇന്ന്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് ധോണി. ചെന്നൈ താരം അമ്പാട്ടി റായുഡുവിന്റെ അവസാന ഐപിഎൽ മത്സവും ഇതാകും.