ലണ്ടൻ: തുടർച്ചയായ രണ്ടാം ഫൈനലിലും പടിക്കൽ ഇടറിവീണ് ടീം ഇന്ത്യ. രണ്ടാം ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് കിരീടം ആസ്‌ട്രേലിയയ്ക്ക്. കെന്നിങ്ടൺ ഓവലിൽ നടന്ന മത്സരത്തിൽ ഇന്ത്യയെ 209 റൺസിന് തകർത്താണ് കങ്കാരുക്കൾ കിരീടം ചൂടിയത്.
ഒരു ദിവസവും ഏഴു വിക്കറ്റും പൂർണമായും കൈയിലിരിക്കെ അനായാസം 280 റൺസ് അടിച്ചെടുക്കാമെന്ന ഇന്ത്യൻ മോഹങ്ങൾ തല്ലിക്കെടുത്തുകയായിരുന്നു ഇന്ന് ഓസീസ് ബൗളർമാർ. നാലാം ദിനം ഓസീസ് ബൗളർമാരെ കുഴക്കി ക്രീസിൽ നിലയുറപ്പിച്ചു കളിച്ച വിരാട് കോഹ്ലിയെ പുറത്താക്കി സ്‌കോട്ട് ബോലൻഡ് ആണ് ഇന്ത്യൻ തകർച്ചയ്ക്ക് തുടക്കമിട്ടത്. പിന്നീട് ഇടവേളകളിൽ ഇന്ത്യയുടെ അവശേഷിക്കുന്ന വിക്കറ്റുകളെല്ലാം ഒന്നൊന്നായി കൊഴിയുകയായിരുന്നു.
പ്രതീക്ഷിക്കപ്പെട്ടതു പോലെത്തന്നെ അഞ്ചാം ദിനം നേഥൻ ലയണിന്റെ ദിനമായിരുന്നു. അവസാനദിനം അവശേഷിച്ച ഏഴിൽ മൂന്ന് വിക്കറ്റും കൊയ്ത് ഓസീസ് വിജയം പൂർണമാക്കിയത്. സ്‌കോട്ട് ബോലൻഡ് മൂന്നും മിച്ചൽ സ്റ്റാർക്ക് രണ്ടും വിക്കറ്റ് നേടിയപ്പോൾ ഓസീസ് നായകൻ പാറ്റ് കമ്മിൻസിന് ഒരു വിക്കറ്റാണ് ലഭിച്ചത്.
280 അത്രി ഈസിയായിരുന്നില്ല!
ഇന്നലെ കളി നിർത്തുമ്പോൾ മൂന്നിന് 164 എന്ന മികച്ച നിലയിലായിരുന്നു ഇന്ത്യ. 44 റൺസുമായി കോഹ്ലിയും 20 റൺസുമായി അജിങ്ക്യ രഹാനെയും ക്രീസിൽ നിലയുറപ്പിച്ചുകഴിഞ്ഞിരുന്നു. ചേസിങ്ങിൽ മികച്ച റെക്കോർഡുള്ള കോഹ്ലിയെ പുറത്താക്കുക തന്നെയായിരുന്നു ഇന്ന് ആസ്ട്രേലിയയുടെ പ്രധാന പദ്ധതിയും. സിംഗിളും ഡബിളുമായി ഇന്നലെ നിർത്തിയേടത്തുനിന്ന് കോഹ്ലിയും രഹാനെയും പുനരാരംഭിച്ചപ്പോൾ ഇന്ത്യൻ ആരാധകർ ആശ്വസിച്ചു. എന്നാൽ, ഏഴാം ഓവറിൽ ബോലൻഡ് പണിപറ്റിച്ചു. ബൊലാൻഡിന്റെ ഫുൾ വൈഡ് പന്തിൽ കവർ ഡ്രൈവിന് ശ്രമിച്ച കോഹ്ലിക്കു പാളി. ബാറ്റിൽ എഡ്ജായി പന്ത് സെക്കൻഡ് സ്ലിപ്പിൽ സ്റ്റീവ് സ്മിത്തിന്റെ കൈയിൽ ഭദ്രം.
ഇന്ത്യൻ ആരാധകരെല്ലാം ഒറ്റയടിക്ക് മൗനത്തിലാണ്ട നിമിഷമായിരുന്നു അത്. അർധസെഞ്ച്വറിക്ക് ഒരു റൺസ് മാത്രം വേണ്ട സമയത്തായിരുന്നു വിക്കറ്റ്. 78 പന്ത് നേരിട്ട് ഏഴ് ഫോറുമായായി 49 റൺസെടുത്താണ് കോഹ്ലി മടങ്ങിയത്. കെ.എസ് ഭരതിനുമുൻപ് ആറാമനായി ഇറങ്ങിയത് രവീന്ദ്ര ജഡേജ. കോഹ്ലിക്കു ശേഷം ഇന്ത്യൻ ആരാധകരുടെയെല്ലാം പ്രതീക്ഷ ജഡേജയുടെ കൗണ്ടർ അറ്റാക്കിലായിരുന്നു. എന്നാൽ, നേരിട്ട രണ്ടാമത്തെ പന്തിൽ എഡ്ജായി താരവും പുറത്ത്. ഒരേ ഓവറിലാണ് ജഡേജയെ വിക്കറ്റ് കീപ്പർ അലെക്സ് ക്യാരിയുടെ കൈയിലെത്തിച്ച് ബോലൻഡ് വീണ്ടും ഇന്ത്യയെ ഞെട്ടിച്ചത്.
ആറാം വിക്കറ്റിൽ ശ്രീകാർ ഭരതുമായി രഹാനെ മറ്റൊരു രക്ഷാപ്രവർത്തന ദൗത്യം ഏറ്റെടുത്തെങ്കിലും അധികം ആയുസുണ്ടായിരുന്നില്ല. ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന രഹാനെയും ക്യാരിയുടെ കൈയിൽ. സ്റ്റാർക്കിന്റെ ഗുഡ് ലെങ്ത് പന്തിലാണ് രഹാനെയ്ക്ക് താളംപിഴച്ചത്. 108 പന്ത് നേരിട്ട് ഏഴ് ഫോർ സഹിതം 46 റൺസെടുത്താണ് രഹാനെ മടങ്ങിയത്.
രഹാനെ പോയതോടെ ക്രീസിലെത്തിയ ‘ഓവൽ ഹീറോ’ ഷർദുൽ താക്കൂറിന്റെ മറ്റൊരു വെടിക്കെട്ട് ഇന്നിങ്‌സിലായിരുന്നു പിന്നീട് ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷയെല്ലാം. എന്നാൽ, തൊട്ടടുത്ത ഓവറിൽ നേഥൻ ലയോൺ താരത്തെ വിക്കറ്റിനു മുന്നിൽകുരുക്കി. പിന്നീടങ്ങോട്ട് ചടങ്ങ് മാത്രമായിരുന്നു. ഉമേഷ് യാദവ്(ഒന്ന്), ഭരത്(23), മുഹമ്മദ് സിറാജ്(ഒന്ന്) എന്നിവരെല്ലാം ഒന്നിനു പിറകെ ഒന്നായി കൂടാരം കയറുകയായിരുന്നു.
ആദ്യ ഇന്നിങ്സിലെ 173 റൺസ് ലീഡടക്കം 444 എന്ന കൂറ്റൻ വിജയലക്ഷ്യമാണ് ആസ്ട്രേലിയ ഇന്ത്യയ്ക്ക് മുന്നിൽവച്ചത്. രണ്ടാം ഇന്നിങ്സിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 270 റൺസിന് ഡിക്ലയർ ചെയ്യുകയായിരുന്നു ആസ്ട്രേലിയ. എന്നാൽ, ഏകദിനശൈലിയിൽ തകർത്തടിച്ചാണ് ഇന്ത്യ തുടങ്ങിയത്. നായകൻ രോഹിത് ശർമയും ശുഭ്മൻ ഗില്ലും ചേർന്ന് ഓസീസ് ബൗളർമാരെ അനായാസം നേരിട്ട് കാര്യങ്ങൾ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. എന്നാൽ, വിവാദ തീരുമാനത്തിലൂടെ ഗിൽ(18) ഔട്ടായതോടെ ഇന്ത്യയ്ക്ക് താളംപിഴച്ചു. അനാവശ്യ ഷോട്ടുകളിലൂടെ രോഹിതും(43) ചേതേശ്വർ പുജാരയും(27) പുറത്തായി. തുടർന്നായിരുന്നു കോഹ്ലിയും രഹാനെയും ചേർന്ന് ഇന്ത്യയുടെ രക്ഷാപ്രവർത്തനം ആരംഭിച്ചത്.