തിരുവനന്തപുരം: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ദ്രാവിഡഭാഷാ കുടുംബത്തിലെ കൂടെപ്പിറപ്പുകളായ കേരളജനത ഉത്സാഹത്തോടെയും ഐക്യത്തോടെയും ആഘോഷിക്കുന്ന ഓണത്തിന് ആശംസ നേരുന്നതായി അദ്ദേഹം സന്ദേശത്തിൽ വ്യക്തമാക്കി.
ദ്രാവിഡസംസ്കാരവുമായി അഭേദ്യമായ ബന്ധമുള്ള തിരുവോണത്തിന്റെ ശോഭ മങ്ങുന്ന രീതിയിൽ ഒരുവിഭാഗക്കാർ ‘വാമനജയന്തി’യുമായി മുന്നിട്ടിറങ്ങിയിരുന്നു. കേരളീയർ ഇത്തരം കുത്തിത്തിരിപ്പുകളെ അവഗണിക്കുകതന്നെ ചെയ്യണം -സ്റ്റാലിൻ പറഞ്ഞു.
സമഭാവനയുടെ സന്ദേശമാണ് ഓണം പകർന്നുനൽകുന്നതെന്നും ജാതി-മത വേർതിരിവുകൾക്ക് അതീതമായ മാനവിക ഐക്യം ഊട്ടിയുറപ്പിച്ച് ഓണം ആഘോഷിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഓണസന്ദേശത്തിൽ വ്യക്തമാക്കി.
സമത്വസുന്ദരവും ഐശ്വര്യപൂർണവും സമാധാനം നിറഞ്ഞതുമായ കാലം പണ്ടെങ്ങോ ഉണ്ടായിരുന്നെന്നാണ് ഓണസങ്കൽപം പറഞ്ഞുതരുന്നത്. അത്തരം ഒരു കാലത്തെ പുനഃസൃഷ്ടിക്കാനുള്ള പോരാട്ടങ്ങൾക്ക് വലിയ പ്രചോദനമാണ് നൽകുക. പ്രതിസന്ധികളിൽ സർക്കാർ ഉയർത്തിയ മുദ്രാവാക്യം ‘സർക്കാർ ഒപ്പമുണ്ട്’ എന്നത് ആഘോഷവേളയിലും ആവർത്തിക്കുന്നു. മാനുഷികമായ മൂല്യങ്ങൾ മനസ്സിൽ ആവർത്തിച്ച് ഉറപ്പിക്കുന്ന ശാന്തിയുടെ, സമൃദ്ധിയുടെ, ഐശ്വര്യത്തിന്റെ, വികസനത്തിന്റെ, ആഘോഷമാവട്ടെ ഓണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.