തിരുവനന്തപുരം: സൂര്യാ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് പ്രശസ്ത കവി സുഗതകുമാരിയുടെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ സുഗതം പുരസ്കാരം വിദ്യാഭ്യാസ പരിസ്ഥിതി രംഗത്ത് പ്രാവീണ്യം തെളിയിച്ച ദമ്പതികളായ സാരംഗ് ഗോപാലകൃഷ്ണനും സാരംഗ് വിജയലക്ഷ്മിക്കും ശ്രീകുമാരൻ തമ്പി സമ്മാനിച്ചു. 50, 000 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത് ജയശ്രീ ദേവി ഗോപാലകൃഷ്ണൻ നേതൃത്വം നൽകുന്ന ദീപം ഫൗണ്ടേഷനാണ്.
പുരസ്കാരദാന ചടങ്ങിനു ശേഷം സുഗതകുമാരിയുടെ കവിതകൾ ശ്രീകുമാരൻ തമ്പി അവതരിപ്പിച്ചു. അഡ്വ. ജയശങ്കർ മുഖ്യ പ്രഭാഷണം നടത്തി. പുരസ്കാരദാന ചടങ്ങിന് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കൾച്ചറൽ ഫോറം ചെയർമാനും വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ അഡ്വൈസറി ബോർഡ് ചെയർമാനും ദീപം ഫൗണ്ടേഷൻ ഗ്ലോബൽ അഡ്വൈസറുമായ ഹരി നമ്പൂതിരി ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഹരി നമ്പൂതിരിയുടെ അവതരണം പുരസ്കാരദാന ചടങ്ങിന് മാറ്റുകൂട്ടി. പ്രശസ്ത ക്യാൻസർ രോഗ വിദഗ്ധനും പ്രഭാഷകനുമായ ഡോ. എം.വി പിള്ളയുടെ സാന്നിധ്യം ചടങ്ങിന് കൂടുതൽ മിഴിവേകി. പരിപാടിയോട് അനുബന്ധിച്ചു നടന്ന ചിത്ര പ്രദർശനം, ജോമോൾ അവതരിപ്പിച്ച നൃത്തം എന്നി പരിപാടികൾ ശ്രദ്ധേയമായി.