തിരുവനന്തപുരം: സപ്ലൈ കോയില്‍ എല്ലാമുണ്ടെന്ന മന്ത്രിയുടെ അവകാശ വാദം തെറ്റ്. തിരുവനന്തപുരം പഴവങ്ങാടിയിലെ സപ്ലൈ കോയില്‍ 13 ഇനം സബ്സിഡി സാധനങ്ങളില്‍ നിലവിലുള്ളത് 3 എണ്ണം മാത്രം. സംസ്ഥാനത്തെ മിക്ക സപ്ലൈ കോ ഔട്ട്ലെറ്റുകളിലും 13 അവശ്യസാധനങ്ങളില്ല. മിക്കയിടത്തും ഉള്ളത് നാലോ അഞ്ചോ സാധനങ്ങൾ മാത്രം. പലയിടത്തും അവശ്യസാധനങ്ങളുടെ സ്റ്റോക്ക് തീർന്നിട്ട് ദിവസങ്ങളായി. തലസ്ഥാന നഗരത്തിലെ ഔട്ട്ലെറ്റിൽ പോലും നാലിലൊന്ന് സാധനങ്ങളില്ല.
കൊല്ലം ജില്ലയിൽ സപ്ലൈകോ ഔട്ട് ലെറ്റുകളിൽ പകുതി സബ്സിഡി സാധനങ്ങളുമില്ല. ത്രിവേണി സൂപ്പർ മാർക്കറ്റുകളിൽ സബ് സിഡി സാധനങ്ങൾ വന്നിട്ടില്ലെങ്കിലും മറ്റ് സാധനങ്ങൾക്ക് 20 ശതമാനം വരെ ഇളവുണ്ട്. ത്രിവേണി സൂപ്പർ മാർക്കറ്റുകളിൽ സബ്സിഡി ഇല്ലാത്ത സാധനങ്ങൾ 500 രൂപയ്ക്ക് മുകളിൽ വാങ്ങിയാൽ സമ്മാന കൂപ്പണും ഏർപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തെ ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം കുറവെന്ന് മന്ത്രി ജി ആർ അനിൽ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. രാജ്യമെങ്ങുമുള്ള വിലക്കയറ്റത്തിന്റെ പ്രതിഫലനം സ്വാഭാവികമായും കൺസ്യൂമർ സംസ്ഥാനമായ കേരളത്തേയും ബാധിച്ചിട്ടുണ്ട്. എന്നാൽ ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടെ വിലക്കയറ്റം കുറവാണ്. വിലക്കയറ്റമുണ്ടാവുമ്പോൾ സർക്കാരിന് ചെയ്യാനാവുന്നത് വിപണിയിൽ ശക്തമായി ഇടപെടൽ നടത്തുകയെന്നതാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.