ബ്രിട്ടനില്‍ ഗ്ലോബൽ ബാറ്ററി സെൽ ഗിഗാഫാക്‌ടറി സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കുമായി കൂടിക്കാഴ്ച നടത്തി. യുകെയിലെ വാർവിക്‌ഷെയറിലെ ജാഗ്വാർ ലാൻഡ് റോവർ ഗെയ്‌ഡൺ സെന്ററിലായിരുന്നു കൂടിക്കാഴ്ച. കമ്പനി ബ്രിട്ടനില്‍ നാല് ബില്യൺ പൗണ്ടിലധികം നിക്ഷേപിക്കും. അതായത് ഇത് ഏകദേശം 42,000 കോടി രൂപയോളം വരും.
ബാറ്ററി ഗിഗാഫാക്‌ടറിയില്‍ ഉയർന്ന നിലവാരമുള്ളതും ഉയർന്ന പ്രവർത്തനക്ഷമതയുള്ളതും സുസ്ഥിരമായ ബാറ്ററി സെല്ലുകളും മൊബിലിറ്റി, എനർജി സെക്ടറുകൾക്കുള്ള പാക്കുകളും നിർമ്മിക്കും എന്ന് ടാറ്റ പറയുന്നു. പ്രതിവർഷം 40GW സെല്ലുകൾ ഉൽപ്പാദിപ്പിക്കാനുള്ള ശേഷി പുതിയ ജിഗാഫാക്‌ടറിക്ക് ഉണ്ടായിരിക്കും. 4 ബില്യൺ പൗണ്ടിന്റെ നിക്ഷേപം ഓട്ടോമോട്ടീവ് മേഖലയെ ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് മാറ്റാൻ സഹായിക്കുന്നു.
പുതിയ ജിഗാഫാക്‌ടറി യൂറോപ്പിലെ ഏറ്റവും വലിയ ഫാക്ടറികളിലൊന്നായിരിക്കും. ഇത് ഉയർന്ന വൈദഗ്ധ്യവും വിതരണ ശൃംഖലയിൽ 4,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്‍ടിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ടാറ്റ ഗ്രൂപ്പിന്റെ ഈ നിക്ഷേപത്തെക്കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി സുനക് പറഞ്ഞു. യുകെയിൽ പുതിയ ഗിഗാഫാക്‌ടറി സ്ഥാപിക്കാനുള്ള ടാറ്റ ഗ്രൂപ്പിന്റെ തീരുമാനം യുകെയിലെ വാഹന മേഖലയിൽ ഇതുവരെ നടത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നായിരിക്കും.
ഇന്ത്യക്ക് പുറത്തുള്ള ടാറ്റയുടെ ആദ്യത്തെ പുതിയ ജിഗാഫാക്‌ടറിയിൽ ഉൽപ്പാദനം 2026-ൽ ആരംഭിക്കും. പ്രാദേശിക തലത്തിൽ ബാറ്ററി ഉൽപ്പാദന സജ്ജീകരണം സ്ഥാപിച്ച ശേഷം, ടാറ്റ മോട്ടോഴ്സിനും ജാഗ്വാർ ലാൻഡ് റോവറിനും (ജെഎൽആർ) ബാറ്ററികൾ ആദ്യം ഇവിടെ നിന്ന് വിതരണം ചെയ്യും. ഗ്രൂപ്പ് നിലവിൽ യുകെയിൽ ജാഗ്വാർ, ലാൻഡ് റോവർ ആഡംബര കാറുകളും എസ്‌യുവികളും നിർമ്മിക്കുന്നു.
ടാറ്റയുടെ ഇവി ബാറ്ററി പ്ലാന്റിന് 40GWh ശേഷിയുണ്ടാകും. 2030-ഓടെ യുകെയ്ക്ക് മൊത്തം 100GWh പ്രാദേശിക ശേഷി ആവശ്യമാണെന്ന് ഫാരഡെ ഇൻസ്റ്റിറ്റ്യൂട്ട് കണക്കാക്കുന്നു. ബാറ്ററി ഫാക്ടറി നിർമ്മിക്കാൻ ടാറ്റ സ്ഥലം തിരഞ്ഞെടുത്തതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, സ്ഥലം സംബന്ധിച്ച വിവരം കമ്പനി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.